കോഴിക്കോട്: സ്വപ്നനഗരിയിൽ നടക്കുന്ന ഇന്ത്യാ സ്‌കിൽസ് കേരള സംഘാടനത്തിന് കേന്ദ്ര നൈപുണ്യ വികസന, സംരംഭക മന്ത്രാലയത്തിന്റെ പ്രശംസ. ഇന്ത്യാ സ്‌കിൽസ് കേരള 2020ലെ മത്സരം ഉന്നത നിലവാരം പുലർത്തുന്നതായും മറ്റ് സ്ഥാനങ്ങൾക്കിത് മാതൃകയാണെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി കൈലാഷ് ചന്ദ് ഗുപ്ത പറഞ്ഞു.
സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ വ്യവസായ പരിശീലന വകുപ്പും കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യാ സ്‌കിൽസ് കേരള 2020 മേള സന്ദർശിക്കാൻ സ്വപ്നനഗരിയിൽ എത്തിയതായിരുന്നു കൈലാഷ് ഗുപ്ത.
നൈപുണ്യ വികസനത്തിലും സംസ്ഥാനം മാതൃകയാണ്. മത്സരത്തിന്റെ പ്രാധാന്യത്തിന് അനുസരിച്ച വേദിയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ മത്സരം കേരളത്തിൽ നടത്താൻ ആഗ്രഹിക്കുന്ന കാര്യം കൈലാഷ് ഗുപ്തയെ കെയ്‌സ് എം.ഡിയും ഐ.ടി.ഡി ഡയറക്ടറുമായ എസ്. ചന്ദ്രശേഖർ അറിയിച്ചു. കേരളത്തിൽ തന്നെ ദേശീയമേള വരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാനങ്ങളിലെ പ്രതിനിധികളും മത്സരവേദികൾ സന്ദർശിച്ചു.
ഇത്തവണ 39 ഇനങ്ങളിലാണ് മത്സരം. പരമ്പരാഗതമായി പുരുഷന്മാരുടെ പങ്കാളിത്തം മാത്രമുള്ള ഇനങ്ങളിൽ ഇക്കുറി പെൺകുട്ടികളുമുണ്ട്. ഇഷ്ടിക പാകൽ മത്സരത്തിൽ പങ്കെടുക്കുന്ന ആറു പേരിൽ ആതിര എൽ. എന്ന പെൺകുട്ടിയുമുണ്ട്. ബ്യൂട്ടി തെറാപ്പിയിൽ മത്സരിക്കുന്ന സത്യ ഉദയകുമാർ എന്ന പതിനൊന്നുകാരിയും ആഭരണ നിർമ്മാണ ഇനത്തിൽ മത്സരിക്കുന്ന 13 വയസുകാരൻ അഭിജിത്ത് ഷാജിയുമാണ് മേളയിലെ പ്രായം കുറഞ്ഞ താരങ്ങൾ.