നാല് ദിവസംകൊണ്ട് ശേഖരിച്ചത് 2118 ടൺ വാഴക്കുല

നേന്ത്രപഴം വില 19 രൂപയും പച്ചക്കായയ്ക്ക് 15 രൂപയും

സുൽത്താൻ ബത്തേരി: വിലത്തകർച്ചയിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിന്‌വേണ്ടി ഹോർട്ടികോർപ്പ് കർഷകരിൽ നിന്ന് എടുത്തുകൊണ്ടിരുന്ന നേന്ത്രവാഴ കുലകൾ സംഭരിച്ച് വെക്കാൻ സ്ഥലമില്ലാത്തതിനെ തുടർന്ന് വാഴക്കുല എടുക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഹോർട്ടികോർപ്പിന്റെ അമ്മായിപ്പാലത്തുള്ള മാർക്കറ്റിലെ സംഭരണശേഷിയുടെ പരിധി കഴിഞ്ഞതോടെയാണ് കർഷകരിൽ നിന്ന് കുല എടുക്കുന്നത് നിർത്തിവെച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ കർഷകരിൽ നിന്നെടുത്ത വാഴക്കുലകൾ മാർക്കറ്റിലെ സംഭരണകേന്ദ്രങ്ങളായ മുറികളെല്ലാം നിറഞ്ഞ് കവിഞ്ഞതോടെ മാർക്കറ്റ് കെട്ടിടത്തിന്റെ വാരാന്തയിലായി കൂട്ടിയിട്ടിരിക്കുകയാണ്. നാല് ദിവസംകൊണ്ട് 2118 ടൺ വാഴകുലകളാണ്‌ ശേഖരിച്ചത്.

വിപണിയിൽ വിലതകർച്ച നേരിട്ടതോടെയാണ്‌ ഹോർട്ടികോർപ്പ് കിലോയ്ക്ക് 25 രൂപതോതിൽ കർഷകരിൽ നിന്ന്‌ നേരിട്ട് വാഴക്കുല സംഭരിക്കാൻ തുടങ്ങിയത്. വാഴക്കുലയുടെ തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മാസത്തിനുള്ളിൽ ഹോർട്ടികോർപ്പ് നിക്ഷേപിക്കും.
ഹോർട്ടികോർപ്പ് വഴക്കുല എടുക്കാൻ തുടങ്ങിയതോടെ നൂറ്കണക്കിന് കർഷകരാണ്‌ ഹോർട്ടികോർപ്പിന് വാഴക്കുല കൊടുക്കാൻ തയ്യാറായി വന്നത്.

നേന്ത്രക്കായയുടെ വില മാർക്കറ്റിൽ കുത്തനെ കുറഞ്ഞു വരികയാണ്. പഴത്തിന് 19 രൂപയും പച്ചക്കായയ്ക്ക് 15 രൂപയുമാണ് വില. അതേസമയം കൃഷിഭവനും ചില കർഷക സൊസൈറ്റികളും 25 രുപയ്ക്കും 30 രൂപയ്ക്കുമാണ് പഴം നൽകുന്നത്. പച്ചക്കായയുടെ വിലയും ഓപ്പൺ മാർക്കറ്റിനേക്കാളും കൂടുതലായാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
കർഷകർക്ക് ആശ്വസമേകുന്നതിന്‌വേണ്ടിയാണ് സൊസൈറ്റികൾ ഉപഭോക്താക്കൾക്ക് പച്ചക്കറി വിൽപ്പന നടത്തുന്നത്. എന്നാൽ ചില പച്ചക്കറികൾക്കെല്ലാം ഓപ്പൺ മാർക്കറ്റിനേക്കാളും വില കൂടുതലാണ്. വാഴക്കുലയുടെ വില കുത്തനെ കുറഞ്ഞപ്പോഴും ഉപഭോക്താക്കൾക്ക് നൽകുന്ന വാഴക്കുലയുടെ വില കാര്യമായി കുറഞ്ഞില്ല.