സുൽത്താൻ ബത്തേരി: വേനൽ കനത്തതോടെ താപനില ദിനംപ്രതി വർദ്ധിക്കുന്നു. കഴിഞ്ഞദിവസം ബത്തേരിയിൽ ഒരാൾക്ക് സൂര്യഘാതമേറ്റു. കല്ലൂരിൽ വളർത്തു മൃഗങ്ങൾക്കും സൂര്യാഘാതമേറ്റു.

കന്നുകാലികളിൽ ചെള്ള് പനിരോഗവും കണ്ടുവരുന്നു. ഉയർന്ന താപനിലയുടെ സാഹചര്യത്തിൽ പരാദരോഗങ്ങൾക്ക് സാധ്യത ഏറെയാണെന്ന് ക്ഷീരകർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
വളർത്തു മൃഗങ്ങളെ രാവിലെ പത്തര മുതൽ വൈകീട്ട് അഞ്ച് മണി വരെ നേരിട്ട് വെയിൽ ഏൽക്കും വിധം തുറസായ സ്ഥലത്ത് കെട്ടിയിടാതിരിക്കുക, പശുക്കളെ കെട്ടിയിടുന്ന തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക, ഷീറ്റ് മേഞ്ഞ തൊഴുത്തിൽ ഷീറ്റിനു മേൽ വൈക്കോൽപോലുള്ളവ ഇടുക. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറയ്ക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കാൻ നൽകുക എന്നിവയാണ് സൂര്യാഘാതത്തിൽ നിന്നും കന്നുകാലികൾക്കുള്ള സുരക്ഷ.

മൃഗങ്ങളിൽ മനുഷ്യരെപോലെ പെട്ടന്ന് തൊലിപ്പുറത്ത് സുര്യാഘാതമേറ്റ് പൊള്ളിയ പാട് കാണുകയില്ല. സുര്യാഘാതമേറ്റാൽ മൃഗങ്ങൾ കുഴഞ്ഞ് വീഴുകയാണ് ചെയ്യുക. സൂര്യാഘാതമേറ്റതായി സംശയം തോന്നിയൽ ഉടൻ കന്നുകാലികളെ നെറ്റി തണുപ്പിച്ചശേഷം ഡോക്ടറുടെ സേവനം തേടണം.
വെയിലിന്റെ തീഷ്ണത ശക്തിയാർജിക്കുന്നതോടെ ചെള്ളുകളുടെ ആക്രമണം വർദ്ധിക്കാനിടയുണ്ട്. ചെള്ള് കയറാതിരിക്കാൻവേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. വനമേഖലയോട്‌ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് ചെള്ള് ശല്യം കൂടുതലായി കാണുന്നത്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പകരും.