സുൽത്താൻ ബത്തേരി: വടക്കനാട് -കരിപ്പൂർ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കർഷകരുടെ വിളകൾ നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുകയും ചെയ്ത കാട്ടാനയെ ഉൾകാട്ടിലേക്ക് തുരത്താനുള്ള വനം വകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. പകൽ സമയങ്ങളിൽ വനത്തിൽ തങ്ങുന്ന കാട്ടാന രാത്രിയാകുന്നതോടെ കർഷകരുടെ കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ്.
വടക്കനാട്, കരിപ്പൂർ പ്രദേശങ്ങളിൽ നിരവധി കർകരുടെ വിളകളാണ് കാട്ടാന നശിപ്പിച്ചത്. ആനയെ വനത്തിലേക്ക് ഒടിക്കാനുള്ള നീക്കം നടത്തിയെങ്കിലും കാട്ടാന ആളുകളെ ആക്രമിക്കുന്നതിനായി പാഞ്ഞടുക്കുകയാണ് ചെയ്യുന്നത്. ആന ജനങ്ങളെ ഓടിക്കാൻ തുടങ്ങിയതോടെയാണ് വനം വകുപ്പ് കുങ്കിയാനയുടെ സഹായത്തോടെ കാട്ടുകൊമ്പനെ ഓടിച്ച് ഉൾ വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടങ്ങിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി താപ്പാനകളുടെ സഹായത്തോടെ കാട്ടാനയെ ഉൾവനത്തിലേക്ക് ഓടിച്ച് വിടാനുള്ള ശ്രമം നടത്തിയെങ്കിലും പകൽ കാട് കയറുന്ന ആന രാത്രിയാകുന്നതോടെ വീണ്ടും ജനവാസകേന്ദ്രത്തിലെത്തുകയാണ്.