കോഴിക്കോട്: നാടിന്റെ വളർച്ചക്ക് അനുസൃതമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഹാക്കത്തോണുകൾ സഹായിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. റീബൂട്ട് കേരള ഹാക്കത്തോൺ 2020 സമാപനം ഉള്ള്യേരി എം.ഡിറ്റ് കോളേജ് ഒഫ് എൻജിനിയറിംഗിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ വൈദഗ്‌ദ്ധ്യം നേടിയവർക്ക് ഭരണനിർവഹണത്തിൽ വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുരുഷൻ കടലുണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
സർക്കാർ വകുപ്പുകളുടെയും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും ദൈനംദിന പ്രശ്നങ്ങൾക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾക്ക് ഹാക്കത്തോൺ വഴി വിദ്യാർത്ഥികൾ പരിഹാരം നിർദ്ദേശിച്ചു. 28 ടീമുകളുള്ള 167 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. 36 മണിക്കൂർ നീണ്ട മത്സരത്തിൽ സെയ്ന്റ് ജിറ്റ്‌സ് കോളേജ് ഒഫ് എൻജിനിയറിംഗ് ഒന്നാം സ്ഥാനം നേടി. ക്രൈസ്റ്റ് കോളേജ് ഒഫ് എൻജിനിയറിംഗ് രണ്ടാം സ്ഥാനവും മംഗളം കോളേജ് ഒഫ് എൻജിനിയറിംഗ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മാർച്ചിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കാം.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറു കാവിൽ, അസാപ്, ഐ.ടി ഡിവിഷൻ ട്രെയിനിംഗ് ഹെഡ് വി.വി. വിജിൽകുമാർ, കോഴിക്കോട് ആർ.ടി.ഒ എം.പി. സുഭാഷ് ബാബു, എം.ഡിറ്റ് കോളേജ് ഡയറക്ടർ ബോർഡ് അംഗം എൻ. ബൽറാം, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ മേഴ്സി പ്രിയ, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്‌ദ്ധർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.