lockel-must

ഫറോക്ക്: വായന മരിക്കുന്നില്ലെന്നും സാങ്കേതിക വിദ്യയുടെ വികാസം വായനയെ ഇല്ലാതാക്കുന്നില്ലെന്നും എഴുത്തുകാരനായ പി.കെ. പാറക്കടവു പറഞ്ഞു. ഫറോക്ക് വായനക്കൂട്ടത്തിന്റെ 11-ാം വാർഷികവും പുരസ്‌കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനക്കൂട്ടം പ്രസിഡന്റ് ഗോപി കോടി വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വായനക്കൂട്ടത്തിന്റെ മാധവി ടീച്ചർ സ്മാരക അനുഭവക്കുറിപ്പ് അവാർഡ് വി.പി. പ്രകാശനും അബ്ദുറഹ്മാൻ പുറ്റെക്കാട് സ്മാരക കവിതാ പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിനും പി.കെ. പാറക്കടവ് സമർപ്പിച്ചു. പ്രദീപ് രാമനാട്ടുകര, ശശിധരൻ ഫറോക്ക്, ലാലു ജോൺസ് എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു. ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സമതി ചെയർപേഴ്സൺ യു. സുധർമ്മ മുഖ്യാതിഥിയായിരുന്നു. എ.പി. മെഹറലി അനുഭവക്കുറിപ്പ് അവാർഡും എം.എ. ബഷീർ കവിതാ അവാർഡും അവലോകനം ചെയ്‌തു. ഭാനുപ്രകാശ്, പി.കെ. ചന്ദ്രൻ, ടി. ബാലകൃഷണൻ നായർ, പി. രാധാകൃഷ്ണൻ, അജിത് കുമാർ പൊന്നേം പറമ്പത്ത് എന്നിവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ചു നടത്തിയ കാർട്ടൂർ പ്രദർശനം എഴുത്തുകാരൻ ശശിധരൻ ഫറോക്ക് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിജയകുമാർ പൂതേരി സ്വാഗതവും കെ. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.