കോഴിക്കോട്: കാമ്പസുകളിൽ പ്രതിഷേധിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ജെ.എൻ.യു വിദ്യാർഥി യൂണിയൻ ചെയർപേഴ്‌സൺ ഐഷി ഘോഷ് പറഞ്ഞു. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവക്കെതിരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച സമരയൗവനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വിദ്യാർത്ഥികൾ ഉയർത്തുന്ന ആശയം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാറിന് സാധിക്കില്ല. സമരത്തിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറല്ല. മതേതരത്വത്തിനായുള്ള സമരമാണ് നടക്കുന്നതെന്നും അല്ലാതെ ഒരുമതത്തിന്റെ സമരമല്ലെന്നും അവർ പറഞ്ഞു.
ശഹിൻബാഗിന്റെ പേരിൽ കോഴിക്കോട്ട് നടക്കുന്നത് പിണറായി വിജയനെ കുറ്റം പറയാനുള്ള മുനീർബാഗാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എളമരം കരീം എം.പി ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഒരുമിച്ച് സമരം വേണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം തള്ളിയവർ ആർ.എസ്.എസിന് സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സമരരംഗത്തുള്ള വിദ്യാർത്ഥി നേതാക്കളെ ചടങ്ങിൽ ആദരിച്ചു.എ. പ്രദീപ് കുമാർ എം.എൽ.എ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എ.എ. റഹീം,സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, വിദ്യാർത്ഥി സമര നേതാക്കളായ പവൻകുമാർ, മഹ്ഫൂസ് ആലം, അഭിഷേക് നന്ദൻ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവ്, എസ്. സതീഷ്, പി. നിഖിൽ തുടങ്ങിയവർ സംസാരിച്ചു.