ബാലുശ്ശേരി: ഭൗതിക ജീവിതവും അതോടൊപ്പം ആത്മീയ ജീവിതവും സമരസപ്പെടുത്തി കൊണ്ട് വിദ്യാഭ്യാസ രംഗമുൾപ്പെടെ സമസ്ത മേഖലകളിലും മാറ്റമുണ്ടാകണമെന്ന് മിസ്സോറാം ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ടി. മേഖലയുടെ ലോക തലസ്ഥാനമായ അമേരിക്കയിലെ സിലിക്കൺവാലിയിലെ നാല് പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ തുടക്കം കുറിച്ച നാലു പേരും സയൻസിന്റെ പ്രാഥമികമായ യാതൊരംഗീകാരം പോലും നേടാത്തവരാണ്. ആ നാലു പേരുമാണ് ഇന്ന് ഇൻഫോർമേഷൻ ടെക്നോളജിയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത്. ശാസ്ത്രം അധീശ സ്ഥാനത്തെത്തിയതിൽ അഭിമാനിക്കുന്നവരാണ് നമ്മൾ . കഴിഞ്ഞ നൂറ്റാണ്ടിലെ ശാസ്ത്ര മേഖലയുടെ പ്രധാനപ്പെട്ട സംഭാവന പകർച്ചവ്യാധികളെ തടയാൻ കഴിഞ്ഞു എന്നതായിരുന്നു. എന്നാൽ ഇന്ന് ലോകം ആശങ്കയുടെ പടിവാതിൽക്കൽ നില്ക്കുകയാണ്. എന്തിനൊക്കെയാണോ നമ്മൾ കീഴടക്കാൻ ശ്രമിച്ചത് അതെല്ലാം വർദ്ധിത വീര്യത്തോടെ തിരിച്ചു വരുന്നു എന്ന് കാണുമ്പോൾ അത് ഗൗരവമായി വിചിന്തനത്തിനു വിധേയമാക്കേണ്ട കാലഘട്ടമാണിതെന്ന് തിരിച്ചറിയണമെന്നും ഗവർണർ പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാൻ കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു, ആർ.എസ്.എസ്. പ്രാന്ത് കാര്യവാഹക് പി.ഗോപാലൻകുട്ടി മാസ്റ്റർ, എ.ഇ.ഒ.എം.രഘുനാഥ്, എ.കെ.ശ്രീധരൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. വിദ്യാലയ സമിതി പ്രസിഡൻറ് വി.പി. കൃഷ്ണൻ ഗവർണർക്ക് ഉപഹാരം നല്കി. കെ.കെ.ഗോപിനാഥൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ഡോ.എസ്. വിക്രമൻ സ്വാഗതവും പ്രിൻസിപ്പാൾ എം.എ.ശശി നന്ദിയും പറഞ്ഞു. തുടർന്ന് കവിയരങ്ങും നടന്നു.