കോഴിക്കോട്: മുന്നോക്ക പിന്നോക്ക സമുദായങ്ങൾ തമ്മിലുള്ള തർക്കമാണ് ബി.ജെ.പിയിലെ ഗ്രൂപ്പിസത്തിന് കാരണമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. പൗരത്വ വിവേചന നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് അനിശ്ചിതകാല ശഹീൻ ബാഗ് സ്‌ക്വയറിന്റെ ഇരുപത്തി മൂന്നാം ദിവസത്തിലെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നേതാവ് ഒ. രാജഗോപാലുൾപ്പെടെ പിന്തുണച്ചാണ് പൗരത്വ വിവേചനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയത്. ഇതിനെ ക്രിമിനൽ പശ്ചാതലമുള്ള ജനപ്രതിനിധികളുടെ അവിവേകമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിഹസിക്കുകയായിരുന്നു. നരേന്ദ്ര മോദിക്ക് ഗോളടിക്കാൻ പന്ത് കൊടുക്കുന്നത് പിണറായി വിജയനാണ്. ഗാന്ധിജിയെക്കുറിച്ച് പോലും നുണ പ്രചരിപ്പിക്കുന്ന ഗവർണറെ തിരിച്ചു വിളിക്കണമെന്ന യു.ഡി.എഫ് പ്രമേയം എൽ.ഡി.എഫ് തടയുകയായിരുന്നു. ഈ പ്രമേയം പാസാക്കിയാലല്ലാതെ സംയുക്ത പ്രക്ഷോഭം ആലോചിക്കാനാവില്ല. പൗരത്വ വിവേചനത്തിന് എതിരായ പ്രക്ഷോഭത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറി എന്ന പിണറായിയുടെ പ്രസ്താവന അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരായ ഡിഫ്രന്റ്ലി ഏബീൽഡ് പീപ്പിൽസ് ലീഗ് പ്രവർത്തകരാണ് ഇരുപത്തി മൂന്നാം ദിന സമരത്തിന് നേതൃത്വം നൽകിയത്.
ഡിഫ്രന്റ്ലി ഏബിൽഡ് പീപ്പിൽസ് ലീഗ് സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം അദ്ധ്യക്ഷത വഹിച്ചു. വി.ടി ബൽറാം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. അപകടത്തെത്തുടർന്ന് കിടപ്പിലായ റഹീസ്, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ പങ്കെടുത്തു.