കോഴിക്കോട്: കുതിക്കുന്ന മീൻ വിലയും ലഭ്യതക്കുറവും അടുക്കളകളെ പ്രതിസന്ധിയിലാക്കുന്നു. കേരള തീരങ്ങളിൽ സുലഭമായിരുന്ന അയലയും മത്തിയും ഇപ്പോൾ ജില്ലയിലെ ഹാർബറുകളിൽ കിട്ടാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇതോടെ മീൻ വിലയും കുത്തനെ ഉയർന്നു.
കോഴിക്കോട് നഗരത്തിൽ ഒരു കിലോ മത്തിയ്‌ക്ക് 200 രൂപയും അയലയ്ക്ക് 250 രൂപ വരെയുമാണ് വില. ആവോലി, അയക്കൂറ എന്നിവയ്ക്കും വില വർദ്ധിച്ചു. ഇത് മുതലെടുത്താണ് ഉൾഗ്രാമങ്ങളിലും മറ്രും കൊള്ളലാഭത്തിൽ മീൻ വിൽക്കുന്നത്. വില കുതിച്ചുയരുമ്പോഴും അതിന്റെ ഗുണം മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നുമില്ല.
തമിഴ്നാട്, ഗോവ, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ കേരളത്തിൽ മീനെത്തുന്നത്.
അയല, മത്തി, ചെമ്മീൻ തുടങ്ങിയ സ്ഥിരം മീനുകൾപോലും അടുക്കളയിലില്ല. കടുത്ത ചൂടും കാലാവസ്ഥ വ്യതിയാനങ്ങളുമാണ് മീൻ കുറയാൻ കാരണമെന്ന് തൊഴിലാളികളും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.
നല്ല മീനുകൾ കിട്ടാനില്ല
വലിയ വിലയ്‌ക്ക് വിൽക്കുന്ന മീനുകൾ ദിവസളുടെ പഴക്കമുണ്ടെന്നും ആരോപണമുണ്ട്. നിലവിലെ പ്രതിസന്ധി മുതലെടുത്ത് വൻ വിലയ്‌ക്ക് പഴകിയ മീനുകൾ വിൽക്കുകയാണെന്നാണ് പരാതി. എന്നാൽ ഇത് പരിശോധിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
ഉണക്കമീനിനും തീ വില
ഉണക്ക മീൻ വിലയും കുരിക്കുകയാണ്. കിലോക്ക് 100 - 150 രൂപയിരുന്ന ഉണക്ക മീനിന് ഇപ്പോൾ 250 - 300 രൂപ വരെയായിട്ടുണ്ട്. ജില്ലയിലെ ഹാർബറുകളിൽ മീൻ ലഭ്യത കുറഞ്ഞതോടെ ഉണക്ക മീൻ ഉത്പാദനവും വലിയ തോതിൽ ഇടിഞ്ഞു.
മീൻ വില കിലോയ്‌ക്ക്
മത്തി: 160 - 200 രൂപ
അയല: 200 - 250രൂപ
ചെമ്മീൻ: 300 - 500 രൂപ
അവോലി: 650 - 700
അയ്‌ക്കൂറ: 750 - 800 രൂപ
ഉണക്കമീൻ വില കിലോയ്‌ക്ക്
മുമ്പ്: 100 - 150 രൂപ
ഇപ്പോൾ: 250 - 300 രൂപ