കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഒളവണ്ണയിലെ കമ്പിളിപ്പറമ്പ് എ.എം.യു.പി സ്‌കൂളിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്കുമാർ നിർവഹിക്കും. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി അദ്ധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ചുള്ള ബോധവത്കരണ റാലിയിൽ പി.വി.എസ്, ക്രസന്റ് നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ, അംഗൻവാടി ആശാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ ഒന്ന് മുതൽ 19 വയസുവരെയുള്ള 7,51,981 കുട്ടികൾക്ക് വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക സൗജന്യമായി നൽകും.

സർക്കാർ എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകൾ, അംഗൻവാടികൾ, ഡേകെയർ സെന്ററുകളിലൂടെയുമാണ്കുട്ടികൾക്ക് ഗുളിക നൽകുന്നത്. ആരോഗ്യവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്. ഇതിനായി ആരോഗ്യ പ്രവർത്തകർക്കും അദ്ധ്യാപകർ, അംഗൻവാടി പ്രവർത്തകർക്കും പ്രത്യേക പരിശീലനം നൽകി. ഒന്ന് മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികൾ അംഗണവാടികളിലും, മറ്റ് കുട്ടികൾക്ക് സ്‌കൂളിലുമാണ് ഗുളിക കഴിക്കേണ്ടത്. രജിസ്റ്റർ ചെയ്യാത്ത ഒന്ന് മുതൽ 19 വയസുവരെയുള്ള കുട്ടികൾക്ക് ആശാ പ്രവർത്തകരുടെ സഹകരണത്തോട അംഗണവാടികളിൽ ഗുളിക നൽകും.

 ഗുളിക കൊടുക്കേണ്ട വിധം

ഒന്ന് മുതൽ രണ്ട് വയസുവരെയുള്ള കുട്ടികൾക്ക് പകുതി ഗുളിക (200 മി. ഗ്രാം) ഒരു ടീസ്പൂൺ തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ച് കൊടുക്കണം. രണ്ട് മുതൽ 19 വയസുവരെയുള്ള കുട്ടികൾ ഒരു ഗുളിക (400 മി.ഗ്രാം) ഉച്ച ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഇന്ന് ഗുളിക കഴിക്കാൻ സാധിക്കാത്തവർ സമ്പൂർണ വിരവിമുക്ത ദിനമായ മാർച്ച് മൂന്നിന് കഴിക്കണം.
കഴിഞ്ഞ തവണ ഗുളിക കഴിച്ചവരുൾപ്പെടെ ഒരു വയസുമുതൽ 19 വയസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും ഇന്ന് ആൽബൻഡസോൾ ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അഭ്യർത്ഥിച്ചു.