kerala-women-police

കോഴിക്കോട്: വനിതാ സിവിൽ പൊലീസ് ഓഫീസർ നിയമനം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്. 2018 ജൂലായ് 22 നായിരുന്നു പരീക്ഷ. 2019ൽ ആദ്യറാങ്ക് ലിസ്റ്റ് പുറത്തുവന്നു. തുടർന്ന് കായികക്ഷമത പരിശോധനയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും പൂർത്തിക്കി. ഇതേ സമയത്ത് പരീക്ഷയെഴുതിയ പുരുഷൻമാർ ഫെബ്രുവരി 15 മുതൽ പരിശീലനത്തിന് പ്രവേശിച്ചെങ്കിലും വനിതകളെ തഴഞ്ഞെന്നാണ് ആക്ഷേപം. ഇതേത്തുടർന്ന് വനിത സിവിൽ പൊലീസ് ഓഫീസറുടെ സാദ്ധ്യതാ പട്ടികയിലുള്ളവർ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമുടക്കം നിവേദനം നൽകാനൊരുങ്ങുന്നത്. 2019 നവംബറിലാണ് ഇവരുടെ കായികക്ഷമത പരിശോധന നടന്നത്. ഈ വർഷം ഫെബ്രുവരിയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും പൂർത്തിയായി.

സംസ്ഥാനതലത്തിൽ പതിനായിരത്തോളം പേരാണ് പ്രാഥമിക റാങ്ക് ലിസ്റ്റിലുണ്ടായിരുന്നത്. കായികക്ഷമത പരിശോധനയ്‌ക്ക് ശേഷമുള്ള ലിസ്റ്റിൽ രണ്ടായിരത്തോളം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. മന്ത്രി ടി.പി. രാമകൃഷ്ണന് ഇത് സംബന്ധിച്ച് നിവേദനം നൽകുമെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.