വടകര: മടപ്പള്ളി ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിന്റെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷം ഇന്ന് തുടങ്ങുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് മടപ്പള്ളി ഗവ. കോളേജ് പരിസരത്ത് നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര സ്‌കൂൾ ഗ്രൗണ്ടിൽ സമാപിക്കും. ഘോഷയാത്ര വടകര ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം ഫ്ളാഗ് ഓഫ് ചെയ്യും.
ആഘോഷ പരിപാടി വൈകിട്ട് ആറിന് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സി.കെ. നാണു എം.എൽ.എ, സിനിമാ താരം രചനാ നാരായണൻകുട്ടി, മീനാക്ഷി ഗുരുക്കൾ എന്നിവർ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥി രക്ഷാകർതൃ കുടുംബ സംഗമം, ഗ്രാമീണ ചലച്ചിത്രമേള, യാത്രഅയപ്പ് സമ്മേളനം, ബോധവത്കരണ ക്ലാസുകൾ, ശില്പശാലകൾ എന്നിവയും നടക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ കെ.പി. വിജയൻ, ജനറൽ കൺവീനർ പി. ഉഷശ്രീ, പി.ടി.എ പ്രസിഡന്റ് യു. മഹീഷ് കുമാർ, വി.പി. സനൽ എന്നിവർ പങ്കെടുത്തു.