മുക്കം: ഇരുവഞ്ഞിപ്പുഴ സംരക്ഷിക്കുന്നതിനും സമൃദ്ധമാക്കുന്നതിനുമായി ജനകീയ കൂട്ടായ്മയായ 'എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ" വൈവിദ്ധ്യമാർന്ന പരിപാടികളുമായി രംഗത്ത്. ജനങ്ങളിൽ ജലസാക്ഷരത വളർത്തി അവരെ പുഴയിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 'കുളിമുറിയിൽ നിന്ന് കുളിക്കടവിലേക്ക്" എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ചേന്ദമംഗലൂർ തെയ്യത്തുംകടവിൽ കൂട്ടക്കുളി സംഘടിപ്പിച്ചു. തോണിതുഴയൽ, ചൂണ്ടയിടൽ, നീന്തൽ എന്നിങ്ങനെ മത്സരവും നടത്തി. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേർ പങ്കെടുത്തു. ഒതയമംഗലം മഹല്ല് പ്രസിഡന്റ് കെ. സുബൈർ, എന്റെ സ്വന്തം ഇരു വഞ്ഞി കൂട്ടായ്മ ചെയർമാൻ പി.കെ.സി. മുഹമ്മദ്, പി.കെ. അബ്ദുറസാഖ്, കെ.സി. മുഹമ്മദലി, എം.പി.കെ. മുഹമ്മദ് അബ്ദുറഹിമാൻ, മുസ്തഫ ചേന്ദമംഗലൂർ, ടി. ഉണ്ണിമോയി, എൻ.ടി. മുഹമ്മദ് തുടങ്ങിയവരും സംബന്ധിച്ചു.
ഹരിത നഗര വാർഡായി പ്രഖ്യാപിച്ച മംഗലശേരി ഡിവിഷനിലെ തെയ്യത്തും കടവ്, മറ്റു കടവുകളായ തൃക്കഴുത്ത്, പാലത്തുമണ്ണിൽ, കിഴക്കയിൽ, നെടുമ്പുറത്ത്, നാരങ്ങാളി, മുട്ടയത്ത് എന്നിവ നവീകരിച്ചു. കൗൺസിലർ ഷഫീഖ് മാടായി, മുക്കം പഞ്ചായത്ത് മുൻ അംഗം ഫാത്തിമ കൊടപ്പന എന്നിവരാണ് നവീകരണത്തിന് മുൻകൈയെടുത്തത്. പുഴയോരം ഇടിയുന്നതു തടയാൻ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പുഴക്കരയിൽ പുഴ വഞ്ഞിമരം നട്ടുവളർത്തിയിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും കൂട്ടക്കുളിയും ജലമത്സരങ്ങളും നടത്താനും പുഴയിലെത്തുന്ന മാലിന്യം നീക്കാനും തീര സൗന്ദര്യവത്കരണ പ്രവർത്തനത്തിനും ജനകീയ ഇടപെടലുണ്ടാകുമെന്ന് കൂട്ടായ്മ ചെയർമാൻ പി.കെ.സി. മുഹമ്മദ് അറിയിച്ചു.