കോഴിക്കോട്: ഉപ്പു തൊട്ട് കർപ്പൂരം വരെ കിട്ടുന്ന കോഴിക്കോടിന്റെ സ്വന്തം മിഠായിത്തെരുവിന് സമാന്തരമായി മറ്റൊരു തെരുവ് കൂടി വരുന്നു. വൈക്കം മുഹമ്മദ് ബഷീർ റോഡിൽ നിന്ന് കോർട്ട് റോഡിലേക്കുള്ള ബദൽ റോഡ് ഇന്ന് രാവിലെ 10ന് കോർട്ട് റോഡിലെ മോഡേൺ ഗ്രൗണ്ടിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എല്ലാം ശരിയാകും
മിഠായിത്തെരുവിൽ ഗതാഗതം നിരോധിച്ചതോടെ പ്രതിസന്ധിയിലായ വ്യാപാരികൾക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണ് ബദൽ റോഡ്. പാർക്കിംഗുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നാണ് കച്ചവടക്കാരുടെയും പ്രതീക്ഷ. മിഠായിത്തെരുവിലെ ഗതാഗത നിയന്ത്രണത്തിനെതിരെ വ്യാപാരികൾ സമരത്തിലാണ്.
സ്വപ്നപാത ഇങ്ങനെ
മാനാഞ്ചിറ ലൈബ്രറിയുടെ പിന്നിലൂടെ ഖാദി എംപോറിയത്തിന്റെ മുറ്റം കടന്ന് കോർട്ട് റോഡിൽ വസന്ത വിഹാർ ഹോട്ടലിന്റെ മുന്നിൽ അവസാനിക്കും.
കൊടുത്തത് പൊന്നും വിലയുള്ള സ്ഥലം
നഗരത്തിന്റെ ഹൃദയഭാഗത്ത് സെന്റിന് 30 ലക്ഷം രൂപ വിലയുള്ള സ്ഥലമാണ് നാടിന്റെ വികസനത്തിനായി നൽകിയത്. മോഡേൺ ഗ്രൗണ്ട് ഉടമ ഇബ്രാഹിം ഹാജി, പ്രശാന്ത് ഒടുക്കത്തിൽ, എ.വി. സുൾഫിക്കർ, പിഎം. അനീസ്, ഷാബേന്ദ്രി റിയൽ എസ്റ്റേറ്റ് ഉടമകൾ, ഭാരത് നിവാസിലെ പി.വി. ഗോപിനാഥ്, ജെ. ലളിത എന്നിവരും മണികണ്ഠനും കുടുംബാംഗങ്ങളുമായ 11 പേരുമാണ് സൗജന്യമായി സ്ഥലം നൽകിയത്.
പദ്ധതിയും അനുമതിയും
പദ്ധതി വേണമെന്ന ആവശ്യത്തിന് 28 വർഷത്തെ പഴക്കം
വി.കെ.സിയുടെ കാലത്ത് പദ്ധതി രൂപരേഖ തയ്യാറാക്കി
കോർപറേഷൻ സർക്കാരിനെ സമീപിച്ചു
തുടർന്ന് സർക്കാർ അനുമതി ലഭിച്ചു
ഗസ്റ്റിൽ ഓർഡർ പ്രസിദ്ധീകരിച്ചു
ചീഫ് സെക്രട്ടറി രേഖകളിൽ ഒപ്പിട്ടു
'റോഡ് നിർമ്മാണം അതിവേഗം പൂർത്തിയാക്കും. വ്യാപാരികൾക്കും യാത്രക്കാർക്കും ഗുണമാകും. കോഴിക്കോടിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി എല്ലാവരും ഇറങ്ങുമെന്ന സന്ദേശമാണ് ഈ വിജയം".
- തോട്ടത്തിൽ രവീന്ദ്രൻ, മേയർ