palayam-market

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ മനുഷ്യച്ചങ്ങല തീർത്തു പ്രതിഷേധം. പാളയത്തെ വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവരുൾപ്പെട്ട പച്ചക്കറി മാർക്കറ്റ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധ സമരം. പച്ചക്കറി മാർക്കറ്റ് പാളയത്ത് തന്നെ നിലനിറുത്തുക, മാർക്കറ്റ് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കമ്മിറ്റി ഉന്നയിക്കുന്നുണ്ട്.

പാളയത്തെ വ്യാപാരികളോടും തൊഴിലാളികളോടും ചർച്ച നടത്താതെ കോർപ്പറേഷൻ ഏകപക്ഷീയമായാണ് തീരുമാനം എടുത്തതെന്ന് സമരക്കാർ ആരോപിക്കുന്നു. ഒരു തവണ തങ്ങൾ ചർച്ചയിൽ പങ്കെടുത്തിരുന്നെങ്കിലും അന്ന് തീരുമാനമുണ്ടായിരുന്നില്ല.

മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നതിന് മുമ്പ് കോർപ്പറേഷൻ അധികൃതർക്ക് നിവേദനം നൽകിയതാണ്. യാതൊരു പരിഗണനയുമുണ്ടായില്ല. ഏകപക്ഷീയ തീരുമാനവുമായി കോർപ്പറേഷൻ മുന്നോട്ട് നീങ്ങുകയാണെങ്കിൽ കൂടുതൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഒപ്പം നിയമ പോരാട്ടത്തിനും തുടക്കമിടും.

അസോസിയേഷൻ മുൻ പ്രസിഡന്റ് എ.പി. മൊയ്തീൻ കോയ ഹാജി സമരം ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ടി. അബ്ദു അദ്ധ്യക്ഷനായിരുന്നു. എ.വി. മുസ്തഫ, സി. കുഞ്ഞാതു കോയ, കെ.വി. ആലിക്കോയ, പി.എം. ഹനീഫ, എ. മൂസ ഹാജി, പി.കെ. നാസർ, കെ.വി. ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.


'പാളയത്തെ കച്ചവടക്കാരോടോ, ജീവനക്കാരോടോ, തൊഴിലാളികളോടോ ചർച്ച പോലും നടത്താതെ തീരുമാനം പ്രഖ്യാപനം നടത്തുകയായിരുന്നു കോർപ്പറേഷൻ. പത്രങ്ങളിലൂടെയാണ് കൗൺസിൽ തീരുമാനം അറിയുന്നത്".

എ.ടി.അബു, ചെയർമാൻ

കോ-ഓർഡിനേഷൻ കമ്മിറ്റി