കോഴിക്കോട്: 'നികുതി ഭീകരതക്കെതിരെ' എന്ന മുദ്രവാക്യവുമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പ്രതിഷേധ മാര്‍ച്ചിന്റെ ജില്ലാതല ഉദ്ഘാടനം നടുവണ്ണൂര്‍ വില്ലേജ് ഓഫീസില്‍ രാവിലെ പത്തിന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് നിര്‍വഹിക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍.സുബ്രഹ്മണ്യൻ, പി.എം നിയാസ്, കെ. പ്രവീണ്‍കുമാർ എന്നിവർ യഥാക്രമം ചേമഞ്ചേരി, കൊയിലാണ്ടി സൗത്ത്, ചെക്യാട് വില്ലേജ് ഓഫീസുകൾക്കു മുന്നിലെ സമരം ഉദ്ഘാടനം ചെയ്യും. മുന്നിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. പ്രവീണ്‍കുമാറും സമരം ഉദ്ഘാടനം ചെയ്യും.

ജനങ്ങള്‍ക്ക് ഒരുതരത്തിലും താങ്ങാനാവാത്ത നികുതിഭാരം അടിച്ചേല്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോക്കറ്റടിക്കാരനായ ധനമന്ത്രിയെ മുന്‍നിറുത്തിയാണ് മുഖ്യമന്ത്രി ചൂഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അമിതനികുതിയിലൂടെ പിഴിഞ്ഞെടുക്കുന്ന പണം പാര്‍ട്ടി കൊലപാതകക്കേസുകളിലെ പ്രതികളെ സംരക്ഷിക്കാനും പുറത്തിറക്കാനും ഉപയോഗിക്കുകയാണ്. ശരത്ത് ലാല്‍ - കൃപേഷ്, ശുഹൈബ് കൊലപാതക കേസുകളിലെ പ്രതികളെ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി ഭാരവാഹി രമേശ് നമ്പിയത്തും പങ്കെടുത്തു.