സുൽത്താൻ ബത്തേരി: ബത്തേരി മാരിയമ്മൻ ക്ഷേത്രോൽസവത്തിന് ഇന്ന് തുടക്കം കുറിക്കും. താലപ്പൊലി,കരകം,കുഭം എഴുന്നള്ളത്ത്, കനലാട്ടം, ഗുരുസിയാട്ടം,ഭജന,സാംസ്‌ക്കാരിക സമ്മേളനം, സർവ്വൈശ്വര്യപൂജ, ശനിദോഷ നിവാരണപൂജ, വിദ്യാഗോപാല മന്ത്രാർച്ചന, വിവിധ നൃത്ത ട്രൂപ്പുകളുടെ നൃത്തനൃത്ത്യങ്ങൾ,ഡ്രാമാറ്റിക് വിൽകലാമേള, ബാലെ എന്നീ പരിപാടികൾ ഏഴ് ദിവസങ്ങളിലായി നടക്കും.
ഇന്ന് വൈകീട്ട് 7-ന് ക്ലാസിക്കൽ നൃത്തസന്ധ്യ, 7.30-ന് സൂപ്പർ കളർ മാജിക്ഷോ.27-ന് വൈകീട്ട് 7-ന് കുട്ടികളുടെ നൃത്ത അരങ്ങേറ്റം. 28-ന് കാലത്ത് 9ന് സർവ്വൈശ്വര്യപൂജ, വൈകിട്ട് 7-ന് നൃത്തകലാസന്ധ്യ. 29-ന് കാലത്ത് 9-ന് ശനിദോഷ നിവാരണപൂജ. മാർച്ച് 1-ന് കാലത്ത് 9-ന് വിദ്യാഗോപാലമന്ത്രാർച്ചന വൈകീട്ട് 6.45-ന് സാംസ്‌ക്കാരിക സമ്മേളനം. തുടർന്ന് നാടകം. 2-ന് വൈകീട്ട് 6-ന് ഭജന,തുടർന്ന് നൃത്തശിൽപ്പം. 3-ന് വൈകീട്ട് വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന താലപ്പൊലി എഴുന്നള്ളത്ത് ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ സംഗമിച്ച് പട്ടണം മാരിയമ്മൻ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് വിൽകലാമേളയും ബാലെ നാടകവും.
വയനാടൻ കാഴ്ചകൾ ചിത്രപ്രദർശനം
സുൽത്താൻ ബത്തേരി: വയനാടിന്റെ ദൃശ്യഭംഗികൾ കാണിക്കുന്ന വി.ഡി.മോഹൻദാസിന്റെ ഫോട്ടോ പ്രദർശനം 26,27,28 തീയ്യതികളിൽ ബത്തേരി നഗരസഭ ടൗൺ ഹാളിൽ നടക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മോഹൻദാസ് പകർത്തിയ ആയിരക്കണക്കിന് ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ വയനാടൻ കാഴ്ചകൾ മുതൽ വന്യജീവി ലോകത്തെ വിസ്മയ ചിത്രങ്ങൾ, വയനാടൻ പ്രകൃതി ദൃശ്യങ്ങൾ കേരളത്തിന് പുറത്തും മറ്റ് വിദേശരാജ്യങ്ങളിൽനിന്നും പകർത്തിയ ജീവിത നേർ കാഴ്ചകൾ എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ഫോട്ടോ പ്രദർശനം.
നാല് അടി വീതിയിലും മൂന്ന് അടി ഉയരത്തിലുമാണ് ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. ഗ്ലാസിലും മരത്തിലും പ്രിന്റ് ചെയ്ത ഫോട്ടോകൾ പ്രദർശനത്തിന്റെ പ്രത്യേകതയാണ്. രാവിലെ 10 മുതൽ രാത്രി എട്ട് മണി വരെയാണ് പ്രദർശനം. പ്രശസ്ത ഫോട്ടോഗ്രാഫർ അജീബ് കോമാച്ചി നയിക്കുന്ന ഫോട്ടോഗ്രാഫി ക്ലാസ് ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കും. പ്രദർശനം സൗജന്യമാണ്.