medicine

കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഒന്നു മുതൽ 19 വയസുവരെയുള്ളവർക്ക് അൽബൻഡസോൾ ഗുളിക നൽകി. വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ അങ്കണവാടികൾ, സ്‌കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പാണ് വിരവിമുക്ത ദിനം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഒളവണ്ണ കമ്പിളിപ്പറമ്പ് എ.എം.യു.പി സ്‌കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ നിർവഹിച്ചു.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റംല പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷ പി.പി. സുമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ആർ.സി.എച്ച് ഓഫീസർ (ആരോഗ്യം) ഡോ. ടി. മോഹൻ ദാസ് വിഷയാവതരണം നടത്തി. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേന്ദ്രൻ ദിനാചരണ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻ വിനീഷ് , ഒളവണ്ണ ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എം. സൗദ, അബ്ദുൽ അസീസ്, ഒളവണ്ണ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സജീത ബീഗം, കമ്പിളിപ്പറമ്പ് എ.എം.യു.പി.സ്‌കൂൾ പ്രധാനാദ്ധ്യാപകൻ പി.പി. അബ്ദു റഹിമാൻ, പി.ടി.എ പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, മദർ പി.ടി.എ പ്രസിഡന്റ് പ്രമിഷ, മാസ് മീഡിയ ഓഫീസർ എം.പി. മണി തുടങ്ങിയവർ സംസാരിച്ചു.

ഒരു വയസിനും രണ്ട് വയസിനും മദ്ധ്യേയുള്ള കുട്ടികൾക്ക് പകുതി ഗുളികയും, രണ്ട് മുതൽ 19 വയസ് വരെയുള്ളവർക്ക് ഒരു ഗുളികയുമാണ് നൽകിയത്. എല്ലാ അങ്കണവാടികളിലും പ്ലേ സ്‌കൂളുകളിലും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയമുൾപ്പെടെയുള്ള മുഴുവൻ സ്‌കൂളുകളിലും ഗുളിക നൽകി. ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾ മാർച്ച് മൂന്നിന് കഴിക്കണം.