cow

കോഴിക്കോട്: കുളമ്പുരോഗം നിർമ്മാർജനം ചെയ്യാൻ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്‌പ് 27 മുതൽ മാർച്ച് 23 വരെ നടക്കും. ഇതിനായി ജില്ലയിൽ 153 സ്വക്വാഡുകൾ കുത്തിവെയ്പിനായി രൂപീകരിച്ചിട്ടുണ്ടെന്ന് എ.ഡി.സി.പി ജില്ലാ കോ - ഓർഡിനേറ്റർ ഡോ. നീനാ കുമാർ പറഞ്ഞു.

ഇവർ കുത്തിവച്ച ശേഷം പശുവിന്റെ ചെവിയിൽ കമ്മലിടും. ഭാവിയിൽ ഗർഭധാരണത്തിനുള്ള കുത്തിവ‌യ്‌പും ഇൻഷുറൻസ് പരിരക്ഷയുമടക്കമുള്ള സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് കമ്മൽ അഥവാ ഇയർ ടാഗ് നിർബന്ധമാണ്. പ്രതിരോധ കുത്തിവയ്‌പ് സൗജന്യമാണ്.
കുത്തിവയ്‌ക്കുന്ന കന്നുകാലികൾക്കുള്ള ഹെൽത്ത് കാർഡ് കർഷകർക്ക് നൽകും. നാലു മാസത്തിൽ താഴെയുള്ള പശുക്കുട്ടികൾ, രോഗമുള്ള പശുക്കൾ എന്നിവയെ കുത്തിവയ്‌പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഡോ. നീനാകുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ട് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. കെ. സിന്ധു, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. നിഷ എബ്രഹാം, പി.ആർ.ഒ ഡോ. ബിന്ദു എം.ജി എന്നിവർ പങ്കെടുത്തു.

കുളമ്പ് രോഗവവും പ്രതിവിധിയും

 ആദ്യഘട്ടത്തിൽ ജില്ലയിലെ 94206 പശുക്കളെയും 3915 എരുമകളെയുമാണ് കുത്തിവയ്‌ക്കും

 രോഗം വരുന്നത് ഇരട്ട കുളമ്പുള്ള പശു, ആട്, എരുമ, ആന, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളിൽ

 ലക്ഷണങ്ങൾ - മൂക്കൊലിപ്പ്, തീറ്റയെടുക്കാനും അയവിറക്കാനും ബുദ്ധിമുട്ട്, ശക്തമായ പനി. പിന്നീട് വൃണങ്ങൾ പ്രത്യക്ഷപ്പെടും.

 രോഗം പടർത്തുന്നത് പികർണോ എന്ന വൈറസ്

 രോഗം പകരുന്നത് കാലിതീറ്റയിലൂടെയും വെള്ളത്തിലൂടെയും