പേരാമ്പ്ര: മലയോര ജനതയുടെ സ്വസ്ഥജീവിതത്തെ ബാധിക്കുന്ന വിധത്തിൽ വനാതിർത്തിയിൽ ബഫർ സോൺ പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നു വി ഫാമിന്റെ നേതൃത്വത്തിൽ പൂഴിത്തോട്ടിൽ ചേർന്ന പൊതുയോഗം ആവശ്യപ്പെട്ടു.
പത്ത് കിലോമീറ്റർ എന്നത് ഒരു കിലോമീറ്ററാക്കി കുറപ്പിച്ചു എന്ന സർക്കാർ വ്യാഖ്യാനം മലയോര കർഷകരുടെ ജീവിക്കാനുള്ള അവകാശത്തെ പരിഹസിക്കലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ പ്രശ്‌നത്തെ കണ്ണടച്ചിരുട്ടാക്കുന്നത് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ കർഷകദ്രോഹ നീക്കത്തിനു സഹായകമാകുമെന്നതിൽ സംശയമില്ല. ഒരുതരത്തിലും ജീവിക്കാൻ അനുവദിക്കാത്ത പക്ഷം ശക്തമായ കടുത്ത പ്രക്ഷോഭത്തിനു മലയോര കർഷകജനത തയാറാവുമെന്ന് യോഗം മുന്നറിയിപ്പു നൽകി.
വി ഫാം ചെയർമാൻ ജോയി കണ്ണം ചിറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.എ ജോസ് കുട്ടി, ഷൈലജയിംസ്, ബിബിപാറക്കൽ, ലൈസ ജോർജ്, റ്റി.ഡി ഷൈല, ബാബു പുതുപ്പറമ്പിൽ, രാജൻ വർക്കി, ബാബു പൈകയിൽ, സണ്ണി കൊമ്മറ്റം, കെ.കെ ജോൺ, ഡെന്നീസ് പെരുവേലിൽ എന്നിവർ പ്രസംഗിച്ചു.