കമ്പളക്കാട്: കമ്പളക്കാട് പൊലീസ് സ്‌റ്റേഷനിൽ യുവാവിന് മർദ്ദനമേറ്റു. കമ്പളക്കാട് സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ചെയർമാൻ ചെണ്ടിയാക്കണ്ടി മുനീറി(40)നാണ് മർദ്ദനമേറ്റത്. പരുക്കേറ്റ മുനീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിന്റെ വാഹനത്തിൽ നിന്ന് പെയിന്റിംഗ് ഉപകരണങ്ങൾ എടുക്കാൻ പോയതായിരുന്നു മുനീർ. സ്‌റ്റേഷനിൽ വച്ച് എസ്.ഐ രാംജിത്തിനോട് സംസാരിക്കുന്നതിനിടെ എസ്.ഐ മുനീറിനോട് കയർക്കുകയും നെഞ്ചത്ത് പിടിച്ച് തള്ളുകയുമായിരുന്നു. തള്ളലിൽ പിന്നിലേക്ക് മറഞ്ഞ മുനീർ സ്‌റ്റേഷനിലെ ഗ്രില്ലിൽ തലയിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നു. മുൻപ് ഒരപകടത്തിൽപ്പെട്ട് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു മുനീറിന്.

നിലത്തുവീണ മുനീർ 45 മിനിറ്റോളം അവിടെത്തന്നെ കിടന്നു. ഇയാൾ അഭിനയിക്കുകയാണെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ പൊലീസുകാർ മുനീറിനെ പൊലീസ് ജീപ്പിലിട്ട് കൈനാട്ടി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ നാട്ടുകാരും ആശുപത്രിയിലെത്തിയതോടെ എസ്.ഐ രാംജിത്ത് സ്‌റ്റേഷനിലേക്ക് മടങ്ങി.

മുനീറിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകണമെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചെങ്കിലും മുൻപത്തെ അപകടത്തിന് ശേഷം ചികിത്സ നടത്തുന്നത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണെന്ന് നാട്ടുകാർ അറിയിച്ചു. അതിന് പൊലീസ് തയ്യാറാവാതിരുന്നതോടെ നാട്ടുകാർ തന്നെ ആംബുലൻസ് എത്തിച്ച് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുനീറിനെ അവിടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കമ്പളക്കാട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഡിവൈ.എസ്.പി ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കമ്പളക്കാട് ടൗണിലെ ഓട്ടോ ഡ്രൈവർമാർ ഇന്നലെ മൂന്നുവരെ പണിമുടക്കി. പ്രതിഷേധ പ്രകടനവും നടത്തി.

ദുരൂഹ സാഹചര്യത്തിൽ നിർത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കമ്പളക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് ചോദ്യം ചെയ്യാൻ വന്ന മുനീറടക്കമുള്ളവർ പൊലീസിന് നേരെ തട്ടിക്കയറിയെന്നും തുടർന്ന് മുനീറിനെ തള്ളി മാറ്റുക മാത്രമാണുണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് കമ്പളക്കാട് പൊലീസ് പറയുന്നത്.

കമ്പളക്കാട് സ്‌റ്റേഷനിലെത്തിയ കൽപ്പറ്റ ഡിവൈ.എസ്.പി കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് അടക്കമുള്ള ജനപ്രതിനിധികൾക്കൊപ്പം സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുനീറിനെ തള്ളുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ ഉണ്ടെന്നും എസ്.ഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി ഉറപ്പ് നൽകി.