കൽപ്പറ്റ: ആരോഗ്യകേരളം വയനാടിന്റെ രണ്ടു നൂതന പദ്ധതികൾ ദേശീയ ശ്രദ്ധയിലേക്ക്. സ്റ്റുഡന്റ് ഡോക്ടർ കാഡറ്റ്, ഹാംലെറ്റ് ആശ പദ്ധതികൾ രാജ്യത്തെ ഏറ്റവും ഉയർന്ന സ്വതന്ത്ര സിവിലിയൻ ബഹുമതിയായ 'സ്‌കോച്ച്' അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. ജീവകാരുണ്യ സ്ഥാപനമായ സ്‌കോച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. സർക്കാർ സ്ഥാപനങ്ങളോ ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ സർക്കാരുമായി ചേർന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോ നടത്തുന്ന വേറിട്ട പദ്ധതികൾക്കാണ് അവാർഡ് ലഭിക്കുക. പാനലിന് മുന്നിൽ വിശദാംശങ്ങൾ അവതരിപ്പിക്കാൻ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി.അഭിലാഷിനെ ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കുട്ടികളിൽ ആരോഗ്യസംരക്ഷണത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2016ൽ സ്റ്റുഡന്റ് ഡോക്ടർ കാഡറ്റ് പദ്ധതിക്ക് തുടക്കമിട്ടത്. കൂട്ടുകാരുടെ മാനസികശാരീരികാരോഗ്യ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരെ സഹായിക്കാനും പ്രാപ്തരാക്കുക, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കുക, സാമൂഹിക പ്രതിബദ്ധത വളർത്തുക തുടങ്ങിയവയൊക്കെ ലക്ഷ്യങ്ങളാണ്. പ്രഥമശുശ്രൂഷയിലടക്കം വിദഗ്ധ പരിശീലനം കുട്ടി ഡോക്ടർമാർക്ക് നൽകിയിട്ടുണ്ട്. കൂടുതൽ വൈദ്യസഹായമോ കൗൺസലിംഗോ നിയമസഹായമോ വേണമെങ്കിൽ അവർക്ക് ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്.
പദ്ധതിയിൽ ആദ്യഘട്ടത്തിൽ 482 ഉം രണ്ടാംഘട്ടത്തിൽ 600ഉം കുട്ടികൾക്ക് പരിശീലനം നൽകി. മൂന്നാം ഘട്ടത്തിൽ 603 കുട്ടി ഡോക്ടർമാരാണ് പരിശീലനം പൂർത്തിയാക്കിയത്.
ആദിവാസി ഊരുകളിൽ നിന്ന് ഒരു വനിതയെ തിരഞ്ഞെടുത്ത് രോഗസാംക്രമികത, ഗർഭകാല പരിചരണം, നവജാത ശിശു പരിപാലനം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അടിസ്ഥാന പരിശീലനം നൽകുകയാണ് ഹാംലെറ്റ് ആശ പദ്ധതിയിലൂടെ ചെയ്യുന്നത്. തിരുനെല്ലി, മേപ്പാടി, പൂതാടി, നൂൽപ്പുഴ എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. രണ്ടാംഘട്ടത്തിൽ മുള്ളൻകൊല്ലി, വെള്ളമുണ്ട, തൊണ്ടർനാട്, പനമരം പുൽപ്പള്ളി എന്നീ പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചു. 241 ആദിവാസി ഊരുകളിൽ പദ്ധതിയിലൂടെ ആരോഗ്യപരമായ ഉന്നതി കൈവരിക്കാനായി.
പദ്ധതിയിലൂടെ വീടുകളിലുള്ള പ്രസവങ്ങൾ കുറയ്ക്കാനും, കുട്ടികളിലെ പ്രതിരോധ ശേഷി ഉയർത്താനും ലഹരിപുകയില ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിച്ചു. തിരഞ്ഞെടുക്കപ്പെട്ട കോളനികളിൽ 24 മണിക്കൂറും സേവനലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. ആരോഗ്യപ്രവർത്തക കോളനിയിൽ തന്നെ താമസിക്കുന്നതുകൊണ്ട് പ്രാഥമിക സേവനങ്ങൾ കോളനിയിൽ ലഭ്യമാക്കാൻ സാധിക്കുന്നതോടൊപ്പം അടിയന്തര ഘട്ടത്തിൽ ഫലപ്രദമായി ഇടപെടാനും കഴിയും. ഹാംലെറ്റ് ആശമാർക്ക് പ്രതിമാസം 7,000 രൂപയാണ് ഓണറേറിയം.
ചിത്രങ്ങൾ:
1).സ്റ്റുഡന്റ് ഡോക്ടർ കാഡറ്റുകൾ പരിശീലകർക്കൊപ്പം
2). ഹാംലെറ്റ് ആശ പദ്ധതി നടപ്പാക്കിയ തിരുനെല്ലി മേഖലയിലെ ആദിവാസി ഊരുകളിലൊന്ന്