കൽപ്പറ്റ: അനധികൃതമായി സൂക്ഷിച്ച 22 കഷണം വീട്ടിതടികളും 45 കഷണം തേക്ക്തടികളും 6 കഷണം വെണ്ടേക്ക് തടികളും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
കൽപറ്റ ഫ്ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പത്മനാഭന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാനന്തവാടി റെയിഞ്ചിലെ വെള്ളമുണ്ട സെക്ഷൻ പരിധിയിൽ നല്ലൂർനാട് വില്ലേജ് പുതിയിടംകുന്ന് ഭാഗത്ത് അംബേദ്കർ- ചന്ദനനട റോഡിനോടു ചേർന്ന സ്വകാര്യസ്ഥലത്തുനിന്ന് തൊലിചെത്തിയൊരുക്കിയ നിലയിലും തൊലിയോടുകൂടിയും 22 കഷണം വീട്ടിതടികളും 45 കഷണം തേക്ക്തടികളും 6 കഷണം വെണ്ടേക്ക്തടികളും കണ്ടെത്തിയത്. ഇവ നിയമവിരുദ്ധമായി ശേരിച്ചതാകാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
അഞ്ചു ലക്ഷം രൂപ മതിപ്പുവിലയുള്ളതാണ് കണ്ടെടുത്ത തടികൾ. തടികൾ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരുന്നു. സംഭവത്തിൽപ്രതികളെ അന്വേഷിച്ചുവരികയാണ്.
ജില്ലയിൽ പലയിടത്തും ഇത്തരത്തിൽ മതിയായ രേകളില്ലാതെ മരങ്ങൾ മുറിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൽപ്പറ്റ ഫ്ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം പത്മനാഭൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.എസ് രാജൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.രജീഷ്, ജോമി ആന്റണി, വി.പി.വിഷ്ണു, ജസ്റ്റിൻ ഹോൾഡൻഡി റൊസാരിയോ, ഫോറസ്റ്റ് ഡ്രൈവർ വി.എസ്.രാജീവ്, എന്നിവർ പരിശോധനയിൽപങ്കെടുത്തു.