ബാലുശ്ശേരി: വിദ്യാർത്ഥികൾക്കിടയിൽ ലഹരിയുടെ സ്വാധീനം കടന്നു വരുന്നത് തടയാൻ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ലഹരി പടരുന്നത് ചെറുക്കാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഏറെ ചെയ്യാനുണ്ട്. ഒപ്പം രക്ഷിതാക്കളും വർഗ ബഹുജന പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും മുന്നിട്ടിറങ്ങുകയും വേണം.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലം ഹൈടെക് പ്രഖ്യാപനം ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് അദ്ധ്യാപകരും രക്ഷിതാക്കളും വഹിച്ച പങ്ക് മഹത്തരമാണെന്നും മന്ത്രി പറഞ്ഞു.
പുരുഷൻ കടലുണ്ടി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എ.ജില്ലാ കോ-ഓർഡിനേറ്റർ എ.കെ.അബ്ദുൾ ഹക്കീം, പൊതുവിദ്യാഭ്യാസ യജ്ഞം കോ-ഓർഡിനേറ്റർ ബി.മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രതിഭ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രൂപലേഖ കൊമ്പിലാട്, ഷാജു ചെറുക്കാവിൽ, വി.എം.കമലാക്ഷി, ഷീജ കാറങ്ങോട്ട്, വാർഡ് മെമ്പർ റീജ കണ്ടോത്ത് കുഴി തുടങ്ങിയവർ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ് ജാഫർ രാരോത്ത് സ്വാഗതവും പ്രിൻസിപ്പൽ പി.പി. റിനീഷ് നന്ദിയും പറഞ്ഞു.