arrest

വടകര: പിക്ക് അപ്പ് വാഹനത്തിൽ വില്പനയ്ക്കായി കൊണ്ടുപോകാൻ ലോഡ് ചെയ്ത വത്തക്ക മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ റിമാൻഡിൽ. മേപ്പയ്യൂർ ചെറുവണ്ണൂർ സ്വദേശികളായ വടക്കേ ചാലിൽ മുഹമ്മദ് സിയാദ് (20), വടക്കേ പറമ്പത്ത് മുഹമ്മദ് ഷാനു (21), തിരുവള്ളൂർ സ്വദേശി താഴത്ത് മേനി മുഹമ്മദ് (21) എന്നിവരെയാണ് വടകര പൊലിസ് അറസ്റ്റുചെയ്തത്. വടകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 16നാണ് കുട്ടോത്ത് കാവിൽ റോഡിൽ പിക്ക് അപ്പ് വാനിൽ ലോഡ് ചെയ്ത ഒന്നര ക്വിന്റൽ വത്തക്ക മോഷ്ടിച്ചത്. വ്യാപാരിയായ അബ്ബാസിന്റേതായിരുന്നു വത്തക്ക. പിറ്റേ ദിവസം വാഹനവുമായി പോകാൻ എത്തിയപ്പോഴാണ് വത്തക്ക കളവ് പോയതറിയുന്നത്. തുടർന്ന് അബ്ബാസ് വടകര പൊലിസിൽ പരാതി നൽകി. പരിസരത്തെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ മോഷ്ടാക്കളുടെയും വത്തക്ക കയറ്റുന്ന വാഹനത്തിന്റെയും ദൃശ്യങ്ങൾ വ്യക്തമായതോടെയാണ് പ്രതികൾ പിടിയിലായത്.