sabir

കോഴിക്കോട് : രാജ്യതലസ്ഥാനത്തെ കലാപവും മനുഷ്യക്കുരുതിയും നിയന്ത്രിക്കാൻ ശേഷിയില്ലാത്ത പ്രധാനമന്ത്രി രാജിവെച്ച് പുറത്ത് പോവുകയാണ് വേണ്ടതെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് ആരംഭിച്ച ഷഹീൻ ബാഗ് സ്‌ക്വയറിലെ 25-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ പൊലീസിന്റെ പിന്തുണയോടെയാണ് സംഘ് ഭീകരരുടെ അഴിഞ്ഞാട്ടം. സമാധാനപരമായി നടക്കുന്ന സമര മുന്നേറ്റങ്ങളെ കല്ലെറിഞ്ഞും കൊന്നൊടുക്കിയും തടയാനാവില്ല.

പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നതിൽ സി പി എമ്മിന്റേത് കപട നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു. നിയമ യുദ്ധത്തിലോ തെരുവ് പ്രതിരോധങ്ങളിലോ സി പി എമ്മിന്റെ സാന്നിദ്ധ്യം കാണുന്നില്ല. ഡിവൈഎഫ്‌ഐ - എസ് എഫ്‌ ഐ സംഘടനകളുടെ സമരവീര്യമൊന്നും ഈ ഘട്ടത്തിൽ പുറത്തെടുക്കുന്നുമില്ല. കേരളത്തിൽ സി പി എമ്മിന് ഇത് വോട്ട് നേടാനുള്ള ആയുധം മാത്രമാണ്. നമുക്കിത് രാജ്യത്തിന്റെ അതിജീവന പോരാട്ടമാണ്.
കുന്ദമംഗലം മണ്ഡലം പ്രവർത്തകരാണ് ഇന്നലെ സമരത്തിൽ അണിചേർന്നത്. മണ്ഡലം മുസ്‌ലിം യൂത്ത്‌ ലീഗ് വൈസ് പ്രസിഡന്റ് ഐ. സൽമാൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.പി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.