കോഴിക്കോട്: വനിതാ കമ്മിഷൻ അദാലത്തിൽ 19 പരാതികൾ തീർപ്പാക്കി. ഇന്നലെ ടൗൺ ഹാളിൽ ഒരുക്കിയ അദാലത്തിൽ കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കൂടുതലും. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമുണ്ടായിരുന്നു. ആകെ 61 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. രണ്ട് പരാതികൾ പൊലീസ് അന്വേഷണത്തിന് അയച്ചു. 40 പരാതികൾ അടുത്ത അദാലത്തിലേക്ക് പരിഗണിക്കുന്നതിനായി മാറ്റി. അടുത്ത അദാലത്ത് മാർച്ച് 19ന് നടക്കും.
വിദ്യാഭ്യാസമുള്ളവർ പോലും അന്ധവിശ്വാസങ്ങളിൽ അകപ്പെടുകയാണെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. എം.എസ് താര പറഞ്ഞു. അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. 46 വർഷം ദാമ്പത്യ ജീവിതം നയിച്ച ശേഷം ജാതകപ്പൊരുത്തമില്ലെന്ന് ആരോപിച്ച് വിവാഹബന്ധം വേർപെടുത്തണമെന്ന ആവശ്യവുമായി കമ്മിഷൻ മുമ്പാകെ വീട്ടമ്മ വന്നതിനെക്കുറിച്ചായിരുന്നു പരാമർശം.

വനിതാ കമ്മിഷൻ മുഖേന വിവാഹബന്ധം വേർപ്പെടുത്താനാകില്ല. അതിന് കോടതി മുമ്പാകെ തന്നെയെത്തണം.

അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ ഇ.എം രാധ, അഡ്വ ഷിജി ശിവജി എന്നിവരും പങ്കെടുത്തു.