കോഴിക്കോട്: മുൻ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരൻ (72) അന്തരിച്ചു. കാൻസർ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ ശങ്കരൻ ഏറെക്കാലമായി സിവിൽ സ്റ്റേഷന് സമീപത്തെ രാജീവം വസതിയിലായിരുന്നു താമസം. 2001ൽ കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പെട്ടു. എ.കെ. ആന്റണി മന്ത്രിസഭയിൽ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1998ൽ കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പത്തുവർഷം കോഴിക്കോട് ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1975ൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലെ ആദ്യ വിദ്യാർത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
സ്വാതന്ത്ര്യസമരസേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും പുത്രനായി കടിയങ്ങാട് പുതിയോട്ടിൽ വസതിയിൽ 1947 ഡിസംബർ രണ്ടിനായിരുന്നു ജനനം. പേരാമ്പ്ര ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പൂർത്തിയാക്കി. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് പൊതുരംഗത്തെത്തിയത്. തവനൂർ റൂറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് കെ.എസ്.യു പൊന്നാനി താലൂക്ക് പ്രസിഡന്റായി. തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. കേരള വർമ്മയിൽ യൂനിയൻ ചെയർമാനായിരുന്നു. 1973ൽ കാലിക്കറ്റ് സർവകലാശാല യൂനിയൻ വൈസ് ചെയർമാനായി തീരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഗവ. ലോ കോളജിൽ നിന്ന് നിയമബിരുദം നേടി. പഠനകാലത്തു പേരാമ്പ്രയിൽ യുവത എന്ന പേരിൽ പാരലൽ കോളേജ് നടത്തിയിരുന്നു.
പേരാമ്പ്ര കോടതിയിൽ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ രാഷ്ട്രീയതട്ടകം പേരാമ്പ്രയായി. 1978ൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി. 1980 മുതൽ 91 വരെ ഡി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1991ലാണ് ഡി.സി.സി പ്രസിഡന്റായത്. 2001ൽ മന്ത്രിയായതോടെയാണ് ഈ പദവി ഒഴിഞ്ഞത്. 1991ൽ ബാലുശ്ശേരിയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നി മത്സരം. എ.സി ഷൺമുഖദാസിനോട് പരാജയപ്പെട്ടു. 1996ൽ കൊയിലാണ്ടിയിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1998ൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് എം.പി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭാംഗമായത്. 1999ൽ ലോക്‌സഭ പിരിച്ചുവിട്ടതോടെ വീണ്ടും തിരഞ്ഞെടുപ്പ് നടന്നെങ്കിലും കെ. മുരളീധരന് വേണ്ടി മാറിക്കൊടുത്തു. 2001ൽ കൊയിലാണ്ടിയിൽ സിറ്റിംഗ് എം.എൽ.എ പി വിശ്വനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.
മന്ത്രിയായിരിക്കെ കോൺഗ്രസിലെ വിഭാഗീയതയെ തുടർന്ന് 2005 ജൂലായ് ഒന്നിന് രാജിവച്ചു. കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് നിയമസഭാംഗത്വവും രാജിവച്ചു. കെ.കരുണാകരനൊപ്പം ഡി.ഐ.സിയിൽ ചേർന്നു. 2006ൽ കൊയിലാണ്ടിയിൽ യു.ഡി.എഫ് പിന്തുണയോടെ ഡി.ഐ.സി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കരുണാകരനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തി.
ഭാര്യ: പ്രൊഫ. വി സുധ (റിട്ട. പ്രിൻസിപ്പൽ, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്). മക്കൾ: രാജീവ് എസ് മേനോൻ (എൻജിനിയർ, ദുബൈ), ഇന്ദു പാർവതി, ലക്ഷ്മി പ്രിയ. മരുമക്കൾ: രാജീവ്, ദീപക് (ഇരുവരും ഐ.ടി എൻജിനിയർ, അമേരിക്ക), ദീപ്തി. സഹോദരങ്ങൾ: കല്യാണി അമ്മ (പൊക്കിയമ്മ, കടിയങ്ങാട്), ദേവകി അമ്മ (മൊകേരി), പരേതരായ ഗോപാലൻ നായർ, കോൺഗ്രസ് നേതാവ് കെ. രാഘവൻ നായർ.