കൊയിലാണ്ടി: മനയടത്ത് പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് ഇന്നലെ രാവിലെ കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ തന്ത്രി ഏറാഞ്ചേരി ഹരിഗോവിന്ദൻ നമ്പൂതിരിപ്പാടും മേൽശാന്തി വെതിരമന ഇല്ലം ഗോവിന്ദൻ നമ്പൂതിരിയും കൊടിയേറ്റത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് മുചുകുന്ന് പത്മനാഭന്റെ ഓട്ടൻതുള്ളൽ അരങ്ങേറി. ഉച്ചയ്ക്ക് അന്നദാനമുണ്ടായിരുന്നു. വൈകിട്ട് സോപാനസംഗീതവും നടന്നു. ഇന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കും. കഴകംവരവിനു ശേഷം സർഗസന്ധ്യ' മൾട്ടി ടാലന്റ് ഷോ അരങ്ങേറും. വെള്ളിയാഴ്ച ചെറിയവിളക്ക് ദിവസം ഇളനീർക്കുല വരവ്. വൈകിട്ട് പിന്നണിഗായിക അശ്വതി രമേഷിന്റെ നേതൃത്വത്തിൽ ഗാനമേള. 29ന് വലിയവിളക്ക് ദിവസം നീറ്റിക്കരുവാൻ തിറ, പിഷാരികാവ് സരുൺദേവ്, മംഗലക്കാട്ട് ശിഗിലേഷ് എന്നിവരുടെ ഇരട്ടതായമ്പക, സർപ്പബലി, എഴുന്നള്ളിപ്പ് എന്നിവയുണ്ടാവും. മാർച്ച് 1-ന് ഞായറാഴ്ച വൈകിട്ട് 4 മുതൽ ആഘോഷ വരവുകൾ. വിവിധ തിറകൾ, താലപ്പൊലി എഴുന്നള്ളിപ്പ്, നാന്ദകം എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം എന്നിവയും നടക്കും.