കോഴിക്കോട്: ഒന്നിൽ കൂടുതൽ തവണ ബിരുദവും ബിരുദാനന്തരവും ചെയ്യാനുള്ള വിദ്യാർത്ഥികളുടെ അവകാശം ഇല്ലാതാക്കരുതെന്ന് യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം പറഞ്ഞു. താലൂക്ക് കോൺഫറൻസ് ഹാളിൽ യുവജന കമ്മിഷൻ ജില്ലാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഒന്നിൽ കൂടുതൽ തവണ ബിരുദവും ബിരുദാനന്തരവും ചെയ്യാൻ കഴിയില്ലെന്ന കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നിയമത്തിനെതിരെ ആരതി അനീഷ് എന്ന വിദ്യാർത്ഥിനി നൽകിയ പരാതി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ സർവകലാശാല രജിസ്ട്രാറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കേരളത്തിൽ മറ്റ് സർവകലാശാലകളിൽ ഇത്തരം നിയമമുണ്ടോ എന്നും ഏത് സാഹചര്യത്തിൽ അക്കാഡമിക് കൗൺസിലാണ് ഇത്തരം തീരുമാനമെടുത്തതെന്നതും പരിശോധിക്കുമെന്ന് കമ്മിഷൻ അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലെ റാംഗിംഗ് സംബന്ധിച്ച് മുഹമ്മദ് നിസാൻ നൽകിയ പരാതിയടക്കം 30 കേസുകളാണ് കമ്മിഷൻ മുമ്പാകെയെത്തിയത്.
ലഹരിയുമായി ബന്ധപ്പെട്ട് വിമുക്തി മിഷനുമായി ചേർന്ന് ലഹരി വിമുക്ത ബോധവത്കരണ സെമിനാർ സംഘടിപ്പിക്കാനും ജാഗ്രത പുലർത്താനും എക്സൈസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. കമ്മിഷൻ സെക്രട്ടറി ടി.കെ. ജയശ്രീ, കമ്മിഷൻ അംഗം കെ.കെ. വിദ്യ, അഡിഷണൽ സെക്ഷൻ ഓഫീസർ സി.ഡി. മനോജ്, എസ്.എൻ. രമ്യ തുടങ്ങിയവരും സംബന്ധിച്ചു.