വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 108 പരാതികൾ പരിഹരിച്ചു. വൈത്തിരി താലൂക്കിലെ അച്ചൂരാനം, പൊഴുതന, കുന്നത്തിടവക, ചുണ്ടേൽ വില്ലേജുകളുടെ പരിധിയിൽ വരുന്ന ജനങ്ങളുടെ പരാതിയാണ് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള പരിഗണിച്ചത്.

ആകെ 169 പരാതികളാണ് അദാലത്തിലെത്തിയത്. ഇതിൽ 61 പരാതികൾ വിശദ പരിശോധനയ്ക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

ഭൂമി പ്രശ്നം, അതിർത്തി തർക്കം എന്നിവ സംബന്ധിച്ചായിരുന്നു കൂടുതൽ പരാതികളും. റേഷൻകാർഡ് ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ സിവിൽ സപ്ലൈസ് ഓഫീസറോട് കളക്ടർ വിശദീകരണം തേടി. അറമല ഭൂമി പ്രശ്നത്തിൽ ലാൻഡ് ട്രിബ്യൂണൽ ആക്ട് പ്രകാരം നികുതി അടയ്ക്കാൻ സാധിക്കാത്ത പ്രശ്നത്തിൽ വിശദമായ അന്വോഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചു. പ്രളയത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് കൂടുതൽ ധനസഹായം അനുവദിക്കണമെന്ന് അവശ്യപ്പെട്ട് ലഭിച്ച പരാതിയിൽ നാശനഷ്ടതോത് വീണ്ടും വിലയിരുത്താനായി ജിയോളജി വകുപ്പിനോട് ആവശ്യപ്പെട്ടു.

അദാലത്തിൽ എ.ഡി.എം തങ്കച്ചൻ ആന്റണി, ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.