basketball

കോഴിക്കോട്: ഇനി എല്ലാ വഴികളും ചടുലതയുടെ കളിയരങ്ങിലേക്ക്. ഇടക്കാലത്ത് ഇല്ലാതായ ഫിയാസ്റ്റോ ബാസ്‌കറ്റ്ബാളിന്റെ ആരവം കോഴിക്കോട്ടേയ്ക്ക് തിരിച്ചെത്തുകയാണ്. ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിനും ഐ ലീഗ് ഫുട്ബാളിനും ശേഷം മികച്ച നിലവാരത്തിലുള്ള ബാസ്കറ്റ്ബാൾ ടൂർണമെന്റിന് വേദിയാകുകയാണ് നഗരം.

ഫിയാസ്റ്റോ ക്ലബ് ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ബാസ്‌കറ്റ്ബാൾ ടൂർണമെന്റ് 28 മുതൽ മാർച്ച് 5 വരെയായിരിക്കും. മാനാഞ്ചിറ സ്‌ക്വയറിൽ അന്താരാഷ്ട്ര നിലവാരത്തോടെ നവീകരിച്ച ഡോ.സി.ബി.സി. വാരിയർ മെമ്മോറിയൽ കോർട്ടിലാണ് ടൂർണമെന്റ്.

 ബാസ്കറ്റ് നിറയ്ക്കാൻ ഇവർ

ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ഒ.എൻ.ജി.സി ഗോഹാട്ടി, ഐ.ഒ.ബി ചെന്നൈ, ഇന്ത്യൻ ബാങ്ക്‌ ചെന്നൈ, സെൻട്രൽ റെയിൽവെ മുംബൈ, ബാങ്ക് ഒഫ് ബറോഡ ബംഗളൂരു, ഐ.സി.എഫ് ചെന്നൈ, കെ.എസ്.ഇ.ബി തിരുവനന്തപുരം എന്നിവ പങ്കെടുക്കും

വനിതാ വിഭാഗത്തിൽ ഈസ്റ്റേൺ റെയിൽവെ കൊൽക്കത്ത, കെ.എസ്.ഇ.ബി തിരുവനന്തപുരം, സൗത്ത് വെസ്റ്റേൺ റെയിൽവെ ഹുബ്ലി, കേരള പൊലീസ്‌ തിരുവനന്തപുരം എന്നീ ടീമുകളുമുണ്ടാവും.

 നവീകരണം 45 ദിവസത്തിൽ

വെറും ഒന്നര മാസത്തിനകം നവീകരിച്ച കോർട്ടിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. ടൂർണമെന്റ് എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

നഗരത്തിലെ ബാസ്‌കറ്റ്ബാൾ പ്രേമികളുടെയും കളിക്കാരുടെയും കൂട്ടായ്മയായ ഫിയാസ്റ്റോ ക്ലബാണ് കോർട്ട് നവീകരണത്തിന് മുന്നിട്ടിറങ്ങിയത്. വിശദമായ രൂപരേഖ തയ്യാറാക്കി ഇവർ കോർപ്പറേഷനു സമർപ്പിക്കുകയായിരുന്നു. കോർപ്പറേഷന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ലഭിച്ചു.

പുതുമോടിയോടെ

 കോർട്ടിന്റ പ്രതലം ഉയർത്തി; നീളവും വിതിയും കൂട്ടി (28X15 മീറ്റർ)

 താത്കാലിക ഗാലറിയുടെ പ്രവൃത്തി പൂർത്തിയാവുന്നു

 മാനാഞ്ചിറയിലെ കോർട്ട് നിർമ്മിച്ചത് 1971ൽ

 കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയത് 1973ൽ