sankaran

കോഴിക്കോട്: മുൻ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയർമാനും കോൺഗ്രസിന്റെ കോഴിക്കോട്ടെ മുഖവുമായിരുന്ന അഡ്വ. പി. ശങ്കരന് സാമൂതിരി നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. കരിക്കാംകുളത്തെ വസതിയിലും ഡി.സി.സി ഓഫിസിലും ടൗൺഹാളിലും അദ്ദേഹത്തിന്റെ നിയോജക മണ്ഡലമായിരുന്ന കൊയിലാണ്ടിയിലെ ടൗൺഹാളിലും ജന്മനാടായ പേരാമ്പ്രയിലും പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ഔദ്യോഗിക ബഹുമതികളോടെ പേരാമ്പ്രയിലെ കുടുംബവീട്ടിൽ നടക്കും.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.പിമാരായ എം.കെ. രാഘവൻ, പി.വി. അബ്‌ദുൾ വഹാബ്, കെ. സുധാകരൻ, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, എം.എൽ.എമാരായ എൻ. ഷംസുദ്ദീൻ, പി.ടി.എ. റഹീം, വി.കെ.സി. മമ്മദ്കോയ, കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ, സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ്ജ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ്, എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എം.വി. ശ്രേയാംസ്‌കുമാർ തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

ഉച്ചയോടെ വയനാട് റോഡിലെ ഡി.സി.സി ഓഫീസിലെത്തിച്ച മൃതദേഹത്തിൽ മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, ഡോ. ഹുസൈൻ മടവൂർ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലിയർപ്പിച്ചു. ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, പി.കെ.അബ്ദുറബ് എന്നിവരുൾപ്പെടെ നിരവിധപ്പേർ അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.എം റോഷ്‌നി നാരായണൻ പുഷ്പചക്രം അർപ്പിച്ചു.
വൈകിട്ട് നാലിന് കോഴിക്കോട് ടൗൺഹാളിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയ മൃതദേഹത്തെ നേതാക്കളുൾപ്പെടെ നൂറുകണക്കിന് ആളുകൾ അനുഗമിച്ചു. തുടർന്ന് കൊയിലാണ്ടി ടൗൺ ഹാളിലെപൊതുദർശനത്തിന് ശേഷം അരിക്കുളം വഴി ജന്മനാടായ പേരാമ്പ്രയിലേക്ക് കൊണ്ടുപോയി. പേരാമ്പ്ര പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം കടിയങ്ങാട്ടുള്ള വസതിയിലെത്തിച്ചു.