കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മലയിൽ പറമ്പത്ത് ബാബു വലിയ സന്തോഷത്തിലാണ്. മറ്റിടങ്ങളിൽ നിന്നു കേട്ടു കൊതി മാറാത്ത പാട്ടുകളുടെ ഈരടികൾ ഇനി വീട്ടിലിരുന്ന് സ്വന്തം ടി വി യിലൂടെ ബാബുവിന് കേൾക്കാം.
ചെറുപ്പത്തിൽ തന്നെ കാഴ്ചശേഷി നഷ്ടപ്പെട്ട ബാബുവിന് പ്രായം ചെന്നപ്പോഴും പാട്ടുകൾ തന്നെയാണ് പ്രധാന കൂട്ട്. മലയാളത്തിലെ പഴയതും പുതിയതുമായ ഗാനങ്ങൾ പലതും കേട്ടു പഠിച്ചിട്ടുണ്ട്. ബലഹീനതയുള്ള കൈകൾ കൊണ്ടു താളം പിടിച്ച് ബാബു പാടുന്നത് കേൾക്കാൻ ബന്ധുക്കളും മറ്റും ഒപ്പം കൂടും.
ബാബുവിന്റെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു വീട്ടിൽ ഒരു ടി വി വേണമെന്നത്. ഇതറിഞ്ഞ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് നടുപൊയിൽ യു.പി സ്‌കൂളിലെ അസംബ്ലിയ്ക്കിടെ ബാബുവിന്റെ ആഗ്രഹം പറഞ്ഞതിനു പിറകെ കുട്ടികൾ കൂട്ടത്തോടെ ആ ആഗ്രഹം നിറവേറ്റാൻ തീരുമാനിക്കുകയായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകകൾ സൃഷ്ടിച്ച നടുപൊയിൽ യു.പി.യിലെ വിദ്യാർത്ഥികൾ വൈകാതെ ടി വി വാങ്ങാനുള്ള പണം സ്വരൂപിച്ചു. കഴിഞ്ഞ ദിവസം സ്‌കൂൾ ലീഡർ അഭിനന്ദനയുടെ നേതൃത്വത്തിൽ ബാബുവിന്റെ വീട്ടിലെത്തിത്തിയ വിദ്യാർത്ഥികൾ ടി വി കൈമാറി. വൃദ്ധമാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയുമടങ്ങുന്നതാണ് ബാബുവിന്റെ കുടുംബം.
കുട്ടിക്കൂട്ടത്തിനൊപ്പം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, കുറ്റ്യാടി ഗവ. ആശുപത്രിയിലെ ആർ.എം.ഒ ഡോ.പി.കെ.ഷാജഹാൻ, ഡോ. നിർമ്മൽ, പ്രധാനാദ്ധ്യാപകൻ.പി.കെ.സുരേഷ്, പി.ടി എ പ്രസിഡന്റ് ഗിരീഷ് പൊന്നേലായി, അദ്ധ്യാപകരായ സി. സജീവൻ, ടി.വേണുഗോപാൽ, പി.പി.കുഞ്ഞമ്മദ്, എം.മഹമൂദ് എന്നിവരും എത്തിയിരുന്നു.