നാദാപുരം: നാദാപുരത്തെ ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിൽ നിന്നു കല്ലാച്ചിയിലെ മിനി സിവിൽ സ്റ്റേഷനിലേക്കുള്ള ഓഫീസ് മാറ്റം ആഘോഷത്തോടെയായിരുന്നു. പക്ഷേ, നാദാപുരം റേഞ്ച് എക്സൈസ് ഓഫീസിലുള്ളവർക്ക് ദുരിതത്തിന് ഇനിയും അറുതിയായില്ലെന്നു മാത്രം.
എക്സൈസ് പിടികൂടുന്ന പ്രതികളെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ എക്സൈസ് ഉദ്യോഗസ്ഥർ കുടുങ്ങിയതു തന്നെ. പ്രതികളെ പാർപ്പിക്കാൻ ലോക്കപ്പില്ലാത്തതിനാൽ ഉദ്യോഗസ്ഥർ പ്രതിയെയും കൊണ്ട് അടുത്ത മുറിയിൽ വാതിലടച്ച് ഇരിക്കേണ്ട ഗതികേടിലാണ്.
ജില്ലയിൽ ഏറ്റുവും കൂടുതൽ അബ്‌കാരി കേസുകൾ കൈകാര്യം ചെയ്യുന്ന എക്സൈസ് ഓഫീസിനാണ് ഈ ദുസ്ഥിതി. നാദാപുരം ആശുപത്രിയ്ക്ക് സമീപത്തെ ചോർന്നൊലിക്കുന്ന വാടക വീട്ടിലായിരുന്നു വർഷങ്ങളോളം എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഏറെ മുറവിളികൾക്കൊടുവിൽ ഓഫീസിന് കഴിഞ്ഞ വർഷം ശാപമോക്ഷം കിട്ടുകയായിരുന്നു. പുത്തൻ കോംപ്ളക്സിൽ മൊഞ്ചുള്ള ഓഫീസ് കിട്ടിയെന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു മാറ്റവുമുണ്ടായില്ല. കുടിവെള്ളത്തിന് സമീപത്തെ വീട്ടുപറമ്പിലെ കിണറാണ് ആശ്രയം. കോടികൾ ചെലവഴിച്ച് സിവിൽ സ്റ്റേഷൻ സമുച്ചയം പണിതിട്ടും കുടിവെള്ളത്തിന്റെ കാര്യത്തിൽ ആലോചനയുണ്ടായില്ല.
അഞ്ച് പൊലീസ് സ്റ്റേഷന്റെ പരിധി ഉൾകൊള്ളുന്നതാണ് നാദാപുരം എക്സൈസ് ഓഫീസിന്റെ പരിധി. പള്ളൂർ, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള മദ്യക്കടത്തിന് പുറമെ മലയോരത്തെ വ്യാജമദ്യ കേന്ദ്രങ്ങളിൽ വരെ പരിശോധന നടത്തേണ്ടതുണ്ട്. പഴഞ്ചൻ ജീപ്പാണ് ആകെയുള്ളത്. പുത്തൻവാഹനങ്ങളിൽ മദ്യക്കടത്തുകാർ മിന്നൽവേഗത്തിൽ പായുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാനേ പലപ്പോഴും പറ്റാറുള്ളൂ. ഇടയ്ക്കിടെ ജീപ്പ് പണിമുടക്കുമ്പോൾ പിന്നെ പരിശോധന കൂടുതൽ അവതാളത്തിലുമാവും.