സുൽത്താൻ ബത്തേരി: രാത്രിയാത്രാ നിരോധന കേസിൽ പ്രായോഗിക പരിഹാരമായി ചിക്കബർഗി സമാന്തരപാത കേന്ദ്രസർക്കാരും കർണ്ണാടക സർക്കാരും പരിഗണിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ അട്ടിമറിക്കാനാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മറ്റി. രാഷ്ട്രീയ പാർട്ടികൾ ഈ കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
സങ്കീർണ്ണമായ രാത്രിയാത്രാ നിരോധന കേസിനെക്കുറിച്ച് പഠിക്കാത്ത രാഷ്ട്രീയ നേതാക്കളും കുട്ട-ഗോണിക്കുപ്പ ബദൽപ്പാത ലോബിക്കുവേണ്ടി പ്രവർത്തിക്കുന്നവരുമാണ് ഇപ്പോഴത്തെ വിവാദത്തിന് പുറകിലെന്ന് ആക്‌ഷൻ കമ്മറ്റി ആരോപിച്ചു.
ദേശീയ പാത 766 ന് ബദലായി കുട്ട-ഗോണിക്കുപ്പ, ബാവലി-മൈസൂർ, പനമരം-പയ്യമ്പള്ളി- ബാവലി-മൈസൂർ എന്നിങ്ങനെ മൂന്ന് ബദൽപാതകൾക്ക് അനുമതി നൽകാനാണ് കേരള സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനെതിരെ പ്രതിഷേധമുയർന്നപ്പോഴാണ് പുതിയ സത്യവാങ്മൂലം തയ്യാറാക്കാമെന്ന് കേരള സർക്കാർ അറിയിച്ചത്. തുടർന്ന് 17ന് ഒരു സത്യവാങ്മൂലം കൂടി നൽകിയിട്ടുണ്ട്. ബദൽപാത ഇല്ല എന്ന ജനവികാരത്തിനൊപ്പം നിൽക്കുകയും എൻ.എച്ച് 766 അടച്ചു പൂട്ടണമെന്ന പരിസ്ഥിതി സംഘടനകളുടേയും കർണ്ണാടക സർക്കാരിന്റെയും നിലപാടിന് സുപ്രീംകോടതിയിൽ പിന്തുണ നൽകുകയും ചെയ്യുന്ന സമീപനമാണ് കേരള സർക്കാരിൽനിന്ന് ഉണ്ടായത്. എത്ര സത്യവാങ്മൂലങ്ങൾ നൽകിയാലും കുട്ട ഗോണിക്കുപ്പ ബദൽപാത മതിയെന്ന കേരള സർക്കാരിന്റെ സുപ്രീംകോടതി സമിതിയിലെ തീരുമാനം നിലനിൽക്കുകയാണ്.
പരസ്പരവിരുദ്ധമായ നാല് സത്യവാങ്മൂലങ്ങളാണ് കേരള സർക്കാർ ഇതുവരെയായി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. ദേശീയപാത 766 ന് പകരമായി കുട്ട-ഗോണിക്കുപ്പ ബദൽപാത വികസിപ്പിക്കാമെന്ന് നിർദ്ദേശിച്ചുകൊണ്ട് കർണ്ണാടക സർക്കാരും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും വനം പരിസ്ഥിതി മന്ത്രാലയത്തിനു വേണ്ടി ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിക്കഴിഞ്ഞു.
മരട് ഫ്ളാറ്റ് കേസ്സുകൾക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. നിയമലംഘനം നടത്തിയ മറ്റു റോഡുകൾ ഇല്ല എന്നതല്ല ദേശീയപാത 766 നെതിരെ കേസ്സ് നിലനിൽക്കുന്നുവെന്നതാണ് വിഷയത്തിന്റെ ഗൗരവം.
ഈ സാഹചര്യത്തിലാണ് കേരള സർക്കാർ തന്നെ നിയോഗിച്ച നാറ്റ്പാക്ക് വിദഗ്ദപഠനം നടത്തി കണ്ടെത്തിയ ചിക്കബർഗി സമാന്തര പാത നടപ്പാക്കണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായും കർണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പയുമായും ചർച്ച നടത്തുകയും അവർ അത് പരിഗണിച്ചു കൊണ്ടിരിക്കുകയുമാണ്. ദേശീയപാതയ്ക്ക് വിദൂരത്തിലൂടെ പോകുന്ന ബദലല്ല, ബത്തേരിയിൽനിന്നുതന്നെയുള്ള സമാന്തര പാതയാണ് വേണ്ടത്. വനത്തിലൂടെ 9 കി.മി മാത്രം കടന്നുപോകുന്ന ഈ പാത നിലവിൽ അടച്ചിട്ടിരിക്കുന്ന പഴയ മൈസൂർ റോഡാണ്. ഈ പാതയിൽ മേൽപ്പാലങ്ങൾ നിർമ്മിക്കുക എന്നത് മാത്രമാണ് രാത്രിയാത്രാ നിരോധനത്തിനുള്ള ഏക പോംവഴി.
അഡ്വ:ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ:പിവേണുഗോപാൽ, നാസർ കാസിം, സി.എച്ച്.സുരേഷ്, ജോസ് കപ്യാർമല, ജോയിച്ചൻ വർഗ്ഗീസ്, അനിൽ മാസ്റ്റർ, ജേക്കബ് ബത്തേരി, മോഹൻ നവരംഗ്, ഇ.പി.ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.