ഭുവനേശ്വർ : ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിലെ വനിതാ ബോക്സിംഗിൽ സെമിയിലെത്തി നാല് മെഡലുകൾ ഉറപ്പിച്ച് കേരള യൂണിവേഴ്സിറ്റി 64 കി.ഗ്രാം വിഭാഗത്തിൽ ജോഷ്മി ജോസ്, 75 കി. ഗ്രാം വിഭാഗത്തിൽ ഇന്ദ്രജ, 81 കി.ഗ്രാം വിഭാഗത്തിൽ ശീതൾ ഷാജി, 81 + വിഭാഗത്തിൽ അനശ്വര പി.എം. എന്നിവരാണ് സെമിയിലെത്തിയത്.
പുരുഷ വിഭാഗം ഫുട്ബാളിൽ കേരള യൂണി. ഫൈനലിലെത്തിയിട്ടുണ്ട്. സെമിയിൽ കൊൽക്കത്ത അഡമാസ് യൂണിവേഴ്സിറ്റിയെ 2-0ത്തിന് തോൽപ്പിച്ചു. ടി. ഷിജിനാണ് ഗോളുകൾ നേടിയത്. ഫൈനലിൽ പട്യാല പഞ്ചാബി യൂണിവേഴ്സിറ്റിയെ നേരിടും.
ഒാസീസിന് ജയം, പരമ്പര
കേപ്ടൗൺ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ 97 റൺസിന് ജയിച്ച ആസ്ട്രേലിയ 2-1ന് പരമ്പര സ്വന്തമാക്കി. കേപ്ടൗണിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആസ്ട്രേലിയ 193/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ദക്ഷിണാഫ്രിക്ക 15.3 ഒാവറിൽ 96ന് ആൾ ഒൗട്ടായി. ഒാസീസിനായി വാർണർ (57), ഫിഞ്ച് (55), സ്മിത്ത് (30 നോട്ടൗട്ട്) എന്നിവർ ബാറ്റിംഗിൽ തിളങ്ങി. ആഷ്ടൺ ആഗറും മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റാർക്കാണ് മാൻ ഒഫ് ദ മാച്ച്.
ഫിയാസ്റ്റോ ബാസ്കറ്റ്ബാൾ
കോഴിക്കോട്: ഫിയാസ്റ്റോ അഖിലേന്ത്യാ ബാസ്കറ്റ്ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. മാനാഞ്ചിറ സ്ക്വയറിലെ നവീകരിച്ച ഡോ.സി.ബി.സി വാരിയർ മെമ്മോറിയൽ കോർട്ടിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് ഫിയാസ്റ്റോ ക്ലബ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഇന്ന് വൈകിട്ട് 5ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ കോർട്ടിന്റെ ഉദ്ഘാടനം നിർവഹിക്കും. എ. പ്രദീപ്കുമാർ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. അഞ്ചരയ്ക്ക് വനിതാ വിഭാഗം മത്സരത്തിൽ ഈസ്റ്റേൺ റെയിൽവേ കേരളാ പൊലീസിനെ നേരിടും. ഏഴിന് പുരുഷവിഭാഗം മത്സരം സെൻട്രൽ റെയിൽവേയും കെ.എസ്.ഇ.ബി. തിരുവന്തപുരവും തമ്മിലാണ്.
മിസ്റ്റർ കേരള മാർച്ച് ഒന്നിന്
കൊച്ചി: 2019-2020ലെ സീനിയർ മിസ്റ്റർ കേരള ശരീരസൗന്ദര്യ മത്സരം മാർച്ച് ഒന്നിന് എറണാകുളം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് 5ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.14 ജില്ലകളിൽ നിന്നായി ഇരുനൂറോളംപേർ പങ്കെടുക്കും. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കേരള പ്രസിഡന്റ് കെ. ആനന്ദൻ, ജനറൽ സെക്രട്ടറി ടി.വി. പോളി, ട്രഷറർ വി.എം. ബഷീർ, എറണാകുളം ജില്ലാ പ്രസിഡന്റ് ജെറി ജോസഫ്, ജില്ലാ സെക്രട്ടറി സേവിയർ ജോസഫ്, 2019ലെ മിസ്റ്റർ വേൾഡ് ചാമ്പ്യൻ ചിത്തരേശ് നടേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.