
കോഴിക്കോട്: ഇന്ത്യ രാജ്യത്തിന്റെ നന്മ നിലനിറുത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പതിനായിരം മദ്റസകൾക്ക് അംഗീകാരം നൽകിയതോടനുബന്ധിച്ച് ടാഗോർ ഹാളിൽ നടന്ന വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഭരണഘടനയെയും രാജ്യത്തിന്റെ മതേതരത്വത്തെയും സംരക്ഷിക്കുക എന്നത് സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. തീവ്രവാദത്തെയും ഭീകരവാദത്തെയും അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല ശക്തമായ രീതിയിൽ എല്ലാകാലത്തും എതിർത്തിട്ടുമുണ്ട്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കപ്പെടാൻ വേണ്ടി ശക്തമായ രീതിയിലുള്ള ഇടപെടലാണ് സമസ്തയുടെ മദ്റസ സംവിധാനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
സമസ്ത ആത്മീയപരമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രസ്ഥാനമല്ല. ആത്മീയ ഉന്നമനമാണ് പ്രാഥമിക ലക്ഷ്യമെങ്കിലും ഇതിനു പുറമെ ഭൗതിക സമന്വയ മേഖലകളിലും കൈവെക്കാൻ സമസ്തയ്ക്ക് സാധിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള സംഭവങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്. കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ മുസ്ലിങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള അക്രമണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. പൗരൻമാർക്ക് ഭൗതിക സൗകര്യങ്ങൾ നൽകേണ്ട ഭരണകൂടങ്ങൾ ഇക്കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാതെ കൈകെട്ടി നോക്കിനിൽക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ കക്ഷികളും ജനങ്ങളും ഒറ്റക്കെട്ടായി ഒരേ മനസോടെ രംഗത്തു വരണം - അദ്ദേഹം പറഞ്ഞു.
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ള്യാർ അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോ.കെ.കെ.എൻ കുറുപ്പ് പ്രസംഗിച്ചു. വഖഫ് ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ ഹംസയ്ക്ക് ചടങ്ങിൽ വച്ച് ഉപഹാരം നൽകി.