ramesh-chennithala

കോഴിക്കോട്: ഡൽഹിയിൽ കലാപമുണ്ടായി 48 മണിക്കൂർ കഴിഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും ഇത് അമിത് ഷായെ പേടിച്ചിട്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ശാഹീൻ ബാഗ് സ്‌ക്വയർ ഇരുപത്തിയേഴാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി. എമ്മിന്റെ സമരം ചങ്ങലയിൽ അവസാനിച്ചെങ്കിൽ ദേശീയ തലത്തിൽ കോൺഗ്രസ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പൗരത്വ സമരത്തിന്റെ പേരിൽ കേസെടുത്ത് ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മഹല്ല് തലങ്ങളിൽ നടന്നപ്രക്ഷോഭങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയെന്ന പിണറായിയുടെ പ്രസ്താവനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമാകെ ആയുധമാക്കിയത്. നിയമസഭയെ ആക്ഷേപിച്ച് കേന്ദ്ര സർക്കാരിന്റെ ഏജന്റായി വർത്തിച്ച ഗവർണർക്കെതിരായ പ്രമേയം നിരാകരിച്ചത് മോദിയുടെ ഗുഡ് ബുക്കിൽ ഇടം കിട്ടാൻ വേണ്ടിയാണെന്നും ചെന്നിത്തല ആരോപിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി.

വേങ്ങര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരാണ് ഇന്നലെ ശാഹീൻ ബാഗ് സ്‌ക്വയറിന് നേതൃത്വം നൽകിയത്. മണ്ഡലം പ്രസിഡന്റ് റവാസ് ആട്ടീരി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജി, എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺ കുമാർ, എം.സി. വടകര, ആനമങ്ങാട് അബ്ദുറഹിമാൻ മുസ്ലിയാർ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സ്വതന്ത്ര്യ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്‌തീൻ, മുജീബ് , മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം തുടങ്ങിയവർ പങ്കെടുത്തു.