അമ്പലവയൽ: രാജ്യത്തെ ഗാന്ധിസത്തിൽ നിന്ന് മോദിസത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ മുരളീധരൻ എം.പി. രാഷ്ട്രരക്ഷാമാർച്ചിന്റെ ഒമ്പതാം ദിവസത്തെ പര്യടനത്തിന്റെ സമാപനസമ്മേളനം അമ്പലവയലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമഭേദഗതി ഒരു സുപ്രഭാതത്തിൽ വന്നതല്ല. അതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക അജണ്ടയുണ്ട്. വികസനത്തിന്റെ പേരിൽ അധികാരത്തിലെത്താൻ സാധിക്കില്ലെന്ന് മോദിക്കറിയാം. അതുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നിയമഭേദഗതി. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് മാത്രമുള്ളതല്ല പൗരത്വ രജിസ്റ്റർ. മറിച്ച് മുസ്ലിങ്ങളെയും ക്രിസ്ത്യൻ ജനവിഭാഗത്തെയും പുറത്താക്കി കഴിഞ്ഞാൽ അവർ ദളിത് വിഭാഗങ്ങളിലേക്ക് തിരിയും. അവരുടെ ആനുകൂല്യങ്ങൾ മുഴുവൻ വെട്ടിക്കുറയ്ക്കുമെന്നും മുരളീധരൻ പറഞ്ഞു. മോദിയെ മാറ്റി യോഗി ആദിത്യനാഥിനെ കൊണ്ടുവരാനുള്ള നീക്കങ്ങളും തുടങ്ങികഴിഞ്ഞു.
വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ എത്രപേരാണ് കൊല്ലപ്പെട്ടതെന്ന കണക്കെടുക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളാണ് ദേശീയപതാകയും കൈകളിലേന്തി തെരുവിലിറങ്ങിയിരുന്നത്. അവരെ അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഒരാളുടെ പേര് പറയാൻ പോലും സംഘപരിവാറിന് കഴിയില്ല. ഈ രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. സമരം ചെയ്യുവാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വന്ന് പോയിട്ട് കോടികൾ ചിലവഴിക്കുകയല്ലാതെ ഒരു ഗുണവുമുണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
ജാഥാക്യാപ്ടൻ ഡി സി സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ, പി.വി ബാലചന്ദ്രൻ, കെ.കെ അബ്രഹാം, എം.എസ് വിശ്വനാഥൻ, എൻ.സി കൃഷ്ണകുമാർ, എടക്കൽ മോഹനൻ, കെ.ടി കുര്യാക്കോസ്, ആർ.പി ശിവദാസ്, എൻ.എം വിജയൻ, നിസി അഹമ്മദ്, ഡി .പി രാജശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു.
ക്യാപ്ഷൻ
രാഷ്ട്രരക്ഷാമാർച്ചിന്റെ ഒമ്പതാംദിവസത്തെ സമാപനസമ്മേളനം കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യുന്നു