ഫറോക്ക്: നിനച്ചിരിക്കാതെ വ്യാഴാഴ്ച പുലർച്ചെ പെയ്ത ശക്തമായ മഴയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടം വെള്ളത്തിൽ മുങ്ങി. മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടി നിൽക്കുകയായിരുന്നു. ഫറോക്കിൽ റോഡു നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച അഴുക്കുചാലുകളുടെ പാർശ്വഭിത്തികൾ ഉയരത്തിലായതോടെ വെള്ളക്കെട്ട് രൂപം കൊള്ളുകയായിരുന്നു. കാൽനടക്കാർക്കെന്ന പോലെ ചെറുവാഹനക്കാർക്കും വെള്ളക്കെട്ട് പ്രശ്നമായി.
സ്റ്റേഷനിൽ നിന്ന് പള്ളിത്തറ റോഡിലേക്കുള്ള ചെറിയ ഇടറോഡാണ് യാത്രക്കാർക്ക് ഇപ്പോൾ ആശ്രയം. ഇന്നലെ വൈകുന്നേരമായിട്ടും വെള്ളക്കെട്ടൊഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടില്ല.
സി ഡി എ കോംപ്ലക്സിലും പഴയ ഫാറൂഖ് ആശുപത്രി കോംപ്ലക്സിലുമുണ്ടായ വെള്ളക്കെട്ടും ജനങ്ങളെ വലച്ചു. റോഡു നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഡ്രെയ്നേജിലേക്ക് വെള്ളമൊഴുകാത്തതാണ് പ്രശ്നമെന്ന് നാട്ടുകാർ പറയുന്നു.