തിരൂരങ്ങാടി: മൂന്നിയൂർ പാറക്കടവിൽ ഇതര സംസ്ഥാന തൊഴിലാളിയെ വാടക ക്വാർട്ടേഴ്സിൽ വെട്ടിക്കൊലപ്പെടുത്തി. ഒഡീഷ സ്വദേശിയായ ലച്ചാമ മാജിയെയാണ് (43) അതേ റൂമിൽ താമസിച്ചിരുന്നയാൾ വെട്ടിക്കൊന്നത്. സുഹൃത്തായ ഒഡീഷ സ്വദേശി ബുട്ടി ബാഗിയെ(44) സംഭവത്തിന് ശേഷം നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തിരൂരങ്ങാടി എസ്.എച്ച്.ഒ കെ. റഫീഖിന്റെ നേതൃത്വത്തിൽ മമ്പുറത്ത് വച്ച് പിടികൂടി. വ്യാഴാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം. മഴു ഉപയോഗിച്ചായിരുന്നു കൊലപാതകം. രണ്ടുപേരും മുന്നിയൂർ പ്രദേശത്തെ വിറകുവെട്ട് തൊഴിലാളികളാണ്. മുന്നിയൂർ പാറക്കടവ് വാടകക്വാർട്ടേഴ്സ് നിരവധി ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ്. സ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം സ്വദേശമായ ഒഡീഷയിലേക്ക് കൊണ്ടുപോയി. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി.