news

പേരാമ്പ്ര: കേരളത്തിന്റെ പൊതുജീവിതത്തിൽ നിസ്തുല സംഭാവാനയർപ്പിച്ച വ്യക്തിത്വമാണ് അഡ്വ. പി. ശങ്കരനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പേരാമ്പ്രയിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി കാലം മുതൽ ശങ്കരനെ അടുത്തറിയാൻ സാധിച്ചിട്ടുണ്ട്. സ്‌നേഹപൂർണമായ പെരുമാറ്റം കൊണ്ട് ആരുടെയും മനസ്സ് കീഴടക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. സത്യസന്ധമായ സമീപനവും നിഷ്‌കളങ്കമായ മനസ്സും അദ്ദേഹത്തെ വേറിട്ടുനിർത്തി. മന്ത്രിയെന്ന നിലയിലും പാർലമെന്റേറിയനായും ശങ്കരന്റെ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ദു:ഖം വരുമ്പോൾ പൊട്ടിക്കരയുകയും സന്തോഷം വരുമ്പോൾ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ശങ്കരൻ എന്നും തനിക്ക് സഹോദര തുല്യനായിരുന്നെന്ന് ചടങ്ങിൽ അധ്യക്ഷനായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
മന്ത്രിയായപ്പോഴും എം.പിയായപ്പോഴും പേരാമ്പ്രയെയും ഇവിടത്തെ നാട്ടുകാരെയും അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്നുവെന്നും പലപ്പോഴും ഇതിന് സാക്ഷിയായിരുന്നുവെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം കുടുംബബന്ധവും ശക്തമായി കൊണ്ടുപോകാൻ ശങ്കരന് കഴിഞ്ഞെന്നും മുരളീധരൻ അനുസ്മരിച്ചു.റോഷി അഗസ്റ്റിൻ എം എൽ എ,
എ കെ പദ്മനാഭൻ മാസ്റ്റർ, എ കെ ചന്ദ്രൻ മാസ്റ്റർ, ജോണി നെല്ലൂർ, ടി. സിദ്ദീഖ്, എ.കെ , എൻ സുബ്രഹ്മണ്യൻ, കിഴക്കയിൽ ബാലൻ, കെ.എം റീന, ഡോ. കെ. മൊയ്തു,അഡ്വ. മുഹമ്മദ് ഇഖ്ബാൽ, എസ്.കെ അസ്സൈനാർ, ടി.കെ ഇബ്രാഹിം, എൻ ഹരിദാസ്, പി.സി സന്തോഷ്, റസാഖ് പാലേരി, എൻ.കെ അബ്ദുൽഅസീസ്, കെ.കെ മൂസ, പി.എം.കെ ബാലകൃഷ്ണൻ, ഒ.പി മുഹമ്മദ്, എം.സി ചന്ദ്രൻ, അഡ്വ. ഇ.കെ മുഹമ്മദ് ബഷീർ, രാജൻ മരുതേരി സംസാരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.