news

പേരാമ്പ്ര: പാഠഭാഗം പഠിച്ച് പരീക്ഷ എഴുതുക മാത്രമല്ല, അതിലെ സന്ദേശം ലോകത്തിനു മുന്നിൽ എത്തിക്കുക കൂടി ചെയ്തിരിക്കുകയാണ് പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ കൂട്ടിക്കൂട്ടം.

ഒൻപതാംതരം ഇംഗ്ലീഷ് പുസ്തകത്തിലെ കാവേരി നമ്പീശൻ രചിച്ച 'ലിസൻ ടു ദ മൗണ്ടേയ്ൻ' എന്ന പാഠഭാഗം രണ്ടു ഹ്രസ്വചിത്രവും ഒരു റേഡിയോ നാടകവുമായി പുറത്തിറക്കിയിരിക്കുകയാണ് ഈ വിദ്യാർത്ഥികൾ.

പ്രകൃതിചൂഷണത്തിനെതിരെയുള്ള താക്കീതാണ് ഈ ചിത്രം. ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ്. ചെങ്ങോടുമല സംരക്ഷണത്തിനു വേണ്ടി കഴിഞ്ഞ രണ്ടു വർഷമായി പോരാടുന്ന ജനതയ്ക്കായി സമർപ്പിച്ചിരിക്കുകയാണ് ഈ ചിത്രങ്ങൾ. ഇംഗ്ലീഷ് അദ്ധ്യാപകൻ കല്പകശ്ശേരി ജയരാജന്റെ മേൽനോട്ടത്തിലാണ് കുട്ടികൾ ചിത്രങ്ങൾ ഒരുക്കിയത്. വിദ്യാർത്ഥികളായ സായി കിരൺ, മിഥുൻ വിജയ്, ആഷ്മിയ എന്നിവരാണ് സംവിധായകർ.

ചിത്രങ്ങളുടെ യു ട്യൂബ് സ്വിച്ച് ഓൺ കർമ്മം സ്‌കൂൾ പൂർവവിദ്യാർത്ഥിയും സിനിമാ നടനുമായ വേദ് നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് വി. ശ്രീനി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക തങ്കമ്മ മാത്യു, പി. പി. ബാലൻ, സതീഷ് കാര, അലീന സരേഷ്, വി. ബി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
പാഴ് വസ്തുക്കളിൽ നിന്ന് വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്‌കൂൾ വിദ്യാർത്ഥി അധിനാന് ചടങ്ങിൽ സ്‌കൂൾ എൻ. സി. സി ട്രൂപ്പ് കാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു.