കോഴിക്കോട്: മാറ്റങ്ങളുടെ പാതയിലാണ് കോഴിക്കോട് നഗരം. മുഖം മിനുക്കലിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിർമ്മിക്കുന്ന എസ്‌കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്‌ജാണ് നഗരത്തിന് പുതുജീവൻ നൽകാനൊരുങ്ങുന്നത്. നഗത്തിലെ ഗതാഗതകുരുക്ക് കുറയ്‌ക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിലുൾപ്പെടുത്തി ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് മേൽപ്പാലം നിർമ്മിക്കുന്നത്. മൂന്ന് വർഷത്തേയ്‌ക്കുള്ള പരിപാലന ചുമതലയും യു.എൽ.സി.സി.എസിനാണ്. റോഡിന്റെ ഇരുഭാഗത്തെയും കോൺഗ്രീറ്റ് പ്രവൃത്തി പൂർത്തിയാകുകയാണ്.
ഗതാഗതക്കുരുക്ക് കുറയും
ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ രാജാജി റോഡിന് മുകളിലൂടെ പുതിയ ബസ് സ്റ്റാൻഡിലേക്കും തിരിച്ചും ഇറങ്ങാൻ പാകത്തിലാണ് എസ്‌കലേറ്റർ കം ഫൂട്ട് ഓവർബ്രിഡ്ജിന്റെ നിർമ്മാണം. നടപ്പാലത്തിലേക്കു കയറാൻ റോഡിന്റെ ഇരുവശത്തും എസ്‌കലേറ്ററുകളും ലിഫ്റ്റും കോണിപ്പടികളുമുണ്ടാകും. മേൽക്കൂരയും സജ്ജീകരിക്കും. പദ്ധതിയുടെ ഇരുവശത്തുമുള്ള 1140 ചതുരശ്രയടി സ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കും.
പാലം ഇങ്ങനെ
നടപ്പാലത്തിന്റെ നീളം - 25. 37 മീറ്റർ
വീതി - 3 മീറ്റർ
ഉയരം - 6.5 മീറ്റർ
അനുവദിച്ച തുക - 11.35 കോടി
തിരക്ക് കുറയുമെന്ന് പ്രതീക്ഷ
രാജാജി റോഡിന് കുറുകെ നേരത്തേ നടപ്പാലം സ്ഥാപിച്ചിരുന്നു. എന്നാൽ നടന്നു കയറേണ്ടതായതിനാൽ ആളുകൾ ഉപയോഗിച്ചില്ല. ഉപയോഗ ശൂന്യമായ പാലം കോഴിക്കോട്ട് നടന്ന ദേശീയ ഗെയിംസിനോടനുബന്ധിച്ചാണ് പൊളിച്ചത്. പഴയപാലത്തിന്റ അവസ്ഥ മനസിലാക്കിയാണ് എസ്കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജ് എന്ന ആശയത്തിലേക്ക് കോർപറേഷനെത്തിയത്.