fruits-price

കോഴിക്കോട്: കാലാവസ്ഥയ്‌ക്കൊപ്പം പഴവിപണി വിലയും ചുട്ടുപ്പൊള്ളിത്തുടങ്ങിയതോടെ നഗരത്തിന്റെ തൊണ്ട പൊട്ടുകയാണ്. ആവശ്യം വർദ്ധിച്ചതും ചൂടുകാരണം എളുപ്പം കേടായിപ്പോകുന്നതുമാണ് വില വർദ്ധയ്‌ക്ക് കാരണം. പതിവിലും വേഗത്തിൽ വേനലെത്തിയതോടെ പഴ വില ഇനിയും കുതിക്കാനാണ് സാദ്ധ്യത. ഇതിന്റെ ചുവട് പിടിച്ച് ജ്യൂസുകൾക്കും വില ഉയരും. കൂട്ടത്തിൽ തണ്ണിമത്തന് മാത്രമാണ് അല്പം വിലക്കുറവുള്ളത്.


 തകർക്കുന്ന കച്ചവടം

നഗരത്തിൽ പാളയം മാർക്കറ്റാണ് പ്രധാന പഴവിപണി. ഒപ്പം മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും സജീവമാണ്. വില കൂടുതലാണെങ്കിലും റോഡരികലെ ഉന്തുവണ്ടികളിലും പഴക്കച്ചവടം വ്യാപകമാണ്.

 പ്രിയ താരമായി ജ്യൂസ്

ജ്യൂസ് കടകളിലും കൂൾബാറുകളിലും വലിയ തിരക്കാണിപ്പോൾ. നല്ല കച്ചവടം നടക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നത്. എന്നാൽ പഴങ്ങൾക്ക് വില കൂടിയെങ്കിലും ജ്യൂസ് വില കാര്യമായി വ‌ർദ്ധിപ്പിച്ചിട്ടില്ലെന്നാണ് കച്ചവടക്കാൻ പറയുന്നത്. മോര് സംഭാരം, തണ്ണിമത്തൻ ജ്യൂസ് എന്നിവയ്ക്കെല്ലാം ആവശ്യക്കാരേറെയാണ്.

 താപനില ക്രമാധീതമായി ഉയരുന്നു

ജില്ലയിൽ താപനില ക്രമാധീതമായി ഉയരുകയാണ്. താപനില 36ഡിഗ്രി സെഷ്യസിനോട് അടുക്കുകയാണ്. മൂന്ന് ഡിഗ്രി സെൽഷ്യസോളം താപനില ഉയരുമെന്നാണ് വിദഗ്‌ദ്ധരുടെ നിർദ്ദേശം. അന്തരീക്ഷ ആർദ്രത ഉയരുന്നതോടെ അതിജീവനവും പ്രതിസന്ധിയിലാകുകായാണ്. ദുരന്ത നിവാരണ അതോറിട്ടി മുൻകരുതൽ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

 ചൂടിനെ നേരിടാൻ പഴ വർഗം

കനത്ത ചൂടിനെ നേരിടാൻ പഴവർഗം കഴിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. നിർജലീകരണം തടയാനും സാംക്രമിക രോഗങ്ങൾ വരാതിരിക്കാനും പഴവർഗങ്ങൾ കഴിക്കണം. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

ഇനം വില

തണ്ണിമത്തൻ.................................20- 30

മുന്തിരി............................................60

മുന്തിരി (പച്ച).................................110

ആപ്പിൾ.................................150-180

നാരങ്ങ.................................70

പേരക്ക.................................70

പപ്പായ.................................60

കൈതച്ചക്ക.................................60

മാമ്പഴം.................................100