കൽപറ്റ: അനധികൃതമായി സൂക്ഷിച്ച 68 കഷണം വീട്ടിതടികൾ വനംവകുപ്പ് പിടികൂടി. ഫ്ളയിംഗ് സ്‌ക്വാഡ്‌ റെയിഞ്ച്‌ ഫോറസ്റ്റ് ഓഫീസർ എം.പത്മനാഭന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി റെയിഞ്ചിലെ നല്ലൂർനാട് വില്ലേജ് നെല്ലേരിക്കുന്ന് ഭാഗത്ത് പീച്ചംകോട് - നെല്ലേരിക്കുന്ന്‌ റോഡിനോടു ചേർന്ന സ്വകാര്യ സ്ഥലത്തുനിന്നാണ് തൊലിചെത്തിയൊരുക്കിയ നിലയിൽ വീട്ടിതടികൾ കണ്ടെത്തിയത്. ശേഖരിച്ചതാണ് തടികൾ എന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. തടികൾ പതിനൊന്നുലക്ഷം രൂപ മതിപ്പുവിലയുള്ളതാണ്. കൽപ്പറ്റ ഫ്ളയിംഗ് സ്‌ക്വാഡ്‌ റെയിഞ്ചിൽ കേസ്സ് രജിസ്റ്റർ ചെയ്ത് തടികൾ കസ്റ്റഡിയിൽ എടുത്തു. കേസ്സ് മാനന്തവാടി റെയിഞ്ച്‌ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി. പ്രതികളെ കുറിച്ച് അന്വേഷിച്ചുവരുന്നു.
കഴിഞ്ഞ 25ന് നല്ലൂർനാട് വില്ലേജിലെ പുതിയിടംകുന്ന് ഭാഗത്തുനിന്ന് വീട്ടി, തേക്ക്, വെണ്ടേക്ക് ഇനങ്ങളിൽപ്പെട്ട 73 കഷണം തടികൾ കൽപ്പറ്റ ഫ്ളയിംഗ് സ്‌ക്വാഡ് പിടികൂടിയിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ നിയമവിരുദ്ധമായി വലിയതോതിൽ മരങ്ങൾ മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശനമായ നിരീക്ഷണം നടത്തിവരുന്നതായും റെയിഞ്ച്‌ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

കൽപറ്റ ഫ്ളയിംഗ് സ്‌ക്വാഡ്‌ റെയിഞ്ചിലെ റെയിഞ്ച്‌ ഫോറസ്റ്റ് ഓഫീസർ എം പത്മനാഭൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.എസ് രാജൻ, ബീറ്റ്‌ഫോറസ്റ്റ് ഓഫീസർമാരായ ജോമി ആന്റണി, ജെ.ഹരികൃഷ്ണൻ, വി.പി.വിഷ്ണു, ജസ്റ്റിൻ ഹോൾഡൻഡി റൊസാരിയോ, ഫോറസ്റ്റ്‌ ഡ്രൈവർ വി.എസ്.രാജീവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.