sasee

കോഴിക്കോട്: കേരളത്തിൽ ചെറുകിട നിക്ഷേപങ്ങൾ കൂടിയാൽ സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാദ്ധ്യമാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ജില്ലാ വ്യവസായ നിക്ഷേപക സംഗമം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വ്യവസായ നിക്ഷേപക സംഗമം കോഴിക്കോടിന്റെ വികസനത്തിന് വലിയ മുതൽകൂട്ടാകുമെന്നും മന്ത്രി പറഞ്ഞു .

സംരംഭങ്ങൾ തുടങ്ങാൻ മുന്നോട്ടു വരുന്നവർക്ക് നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ സർക്കാർ നടപടിയെടുത്തുവെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ പറഞ്ഞു. കേരളത്തിലേത് വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്നും ഏകജാലക സംവിധാനം ഫലപ്രദമായി നടക്കുകയാണെന്നും ജില്ലാ കളക്ടർ എസ്. സാംബശിവറാവു പറഞ്ഞു. 153 സംരംഭകർ നിക്ഷേപക സംഗമത്തിൽ പങ്കാളികളായി.

എസ്.എൽ.കെ ഫുഡ് പ്രോസസിംഗ് സംസ്ഥാന പ്രസിഡന്റ് ഖാലിദ്, വി.കെ.സി ഗ്രൂപ്പ് ഡയറക്ടർ റസാഖ്, മലബാർ ചേമ്പർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എ. ശ്യാം സുന്ദർ, കെ.എസ്.എസ്.ഐ.ഐ പ്രസിഡന്റ് സുനിൽനാഥ് തുടങ്ങിയ സംരംഭകർ തങ്ങളുടെ ജീവിതാനുഭവങ്ങളും വ്യാവസായിക അനുഭവങ്ങളും പുതിയ സംരംഭകരുമായി പങ്കുവെച്ചു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഐ. ഗിരീഷ് മോഡറേറ്ററായി. ജനറൽ മാനേജർ പി.എ. നജീബ് സ്വാഗതവും മാനേജർ കെ. രാജീവ് നന്ദിയും പറഞ്ഞു.