kunnamangalam-news

കുന്ദമംഗലം: സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് നിരവധി പ്രതിഭകളെ സംഭാവന നൽകിയ കുന്ദമംഗലം എയുപി സ്ക്കൂൾ തൊണ്ണൂറ്റി നാലാം വാർഷികം ആഘോഷിക്കുന്നു. 1926 ലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ കുന്ദമംഗലം കെ.ഡി.സി ബാങ്ക് പ്രവർത്തിക്കുന്ന പറമ്പിലെ ഒരു ഓലഷെഡ്ഡിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം. പറച്ചിത്തോട്ടിൽ കുഞ്ഞിക്കണ്ണൻ ആണ് സ്ക്കൂളിന്റെ സ്ഥാപകൻ. പിലാശ്ശേരിയിൽ സ്വന്തമായി വിദ്യാലയം ഉണ്ടായിരുന്ന കുറിഞ്ഞിപ്പിലാക്കിൽ ആണ്ടി പിന്നീട് സ്ക്കൂൾ ഏറ്റെടുക്കുകയും പിലാശ്ശേരിയിലെ വിദ്യാലയത്തിൽ നിന്ന് ചില അദ്ധ്യാപകരെ കുന്ദമംഗലത്തേക്ക് കൊണ്ടുവരികയുമായിരുന്നു.കുന്ദമംഗലം ഹയർ എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു അന്നത്തെ പേര്. സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് തൊണ്ണൂറ്റി നാലാംവാർഷികം ആഘോഷിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് എംപി ഉഷാകുമാരി പറഞ്ഞു. പ്രീ പ്രൈമറി ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ യു.പി സ്ക്കൂളിൽ 37 അദ്ധ്യാപകരുണ്ട്. പി.പി.ഷിനിൽ ആണ് പിടിഎ പ്രസിഡൻറ്. മാർച്ച് 30 ന് നടക്കുന്ന വാർഷികാഘോഷത്തിന്റെ മുന്നൊരുക്കത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനവാസുദേവൻ ഉദ്ഘാടനം ചെയ്തു. പിപിഷിനിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ്മെമ്പർ എംവി ബൈജു, പി.എൻ ശശീധരൻ സീടെക്, രവീന്ദ്രൻ കുന്ദമംഗലം, വിജയൻ മാസ്റ്റർ, എം.സന്തോഷ്കുമാർ, അഡ്വ.പി.ചാത്തുക്കുട്ടി, യൂസഫ് പാറ്റേൺ, സിപി.രമേശൻ,ഉഷാകുമാരി ടീച്ചർ, ഇസ്ഹാക്മാസ്റ്റർ, എൻ.സന്തോഷ്കുമാർ,സി.ഷനോജ് എന്നിവർ പ്രസംഗിച്ചു.